തൃശ്ശൂർ: ലോക്ഡൗണിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രതിസന്ധി ഒറ്റഷോട്ടിൽ ഒറ്റസീനിൽ പറഞ്ഞുതീർത്തു ഓട്ടോത്തൊഴിലാളി റഫീഖ് ഇസ്മയിൽ. കൂട്ടുകാരൻ ഷെഫീർ തൃത്തല്ലൂർ‍ മൊബൈൽ ഫോണിൽ ചിത്രീകരിച്ച, ലോക്ഡൗൺ എന്ന മൂന്നുമിനിറ്റ്‌ വീഡിയോ മറ്റൊരു കൂട്ടുകാരനായ മുൻഷാർ ‘സേവ് കേരള’ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കി. രണ്ടുദിവസത്തിൽ ഇൗ വീഡിയോ കണ്ടത് 2.65 ലക്ഷം േപർ.

തൃത്തല്ലൂരിൽ ഓട്ടോ ഡ്രൈവറാണ് റഫീഖ്. ലോക്ഡൗൺ മൂന്നാമതും നീട്ടിയപ്പോൾ ഒാട്ടോത്തൊഴിലാളിജീവിതം വഴിമുട്ടി. തന്നെപ്പോെല അനേകംപേരുണ്ടെന്ന ആലോചനയിലാണ് ഷോർട്ട് ഫിലിം നിർമിക്കാൻ തീരുമാനിച്ചത്. റഫീഖ് ഒറ്റയ്ക്കാണ് വേഷമിട്ടത്. ഇത് ക്യാമറയിൽ പകർത്തിയ ഷെഫീർ വീഡിയോയിൽ കാണാത്ത പോലീസുകാരന്റെ ശബ്ദം നൽകി.

സർക്കാരിന്റെ ശ്രദ്ധയെത്താത്ത ചില ജീവിതങ്ങൾ മൂന്നുമിനിറ്റ്‌ വീഡിയോയിൽ ആയത് അങ്ങനെയാണ്. ഇൗ വീഡിയോ സർക്കാരിനെതിരേയുള്ള പ്രതിഷേധമോ പ്രതികരണമോ അല്ല. മറിച്ച് ഒരു ശ്രദ്ധക്ഷണിക്കൽ മാത്രമാണെന്ന് റഫീഖ് പറയുന്നു.

റഷീദ് അന്തിക്കാട് എന്ന സംവിധായകന്റെ ‘വാളാൽ’ എന്ന ടെലിഫിലിമിലും പ്രസാദ് നാട്ടിക സംവിധാനം ചെയ്ത ‘പദനിസ്വനം’ എന്ന ഷോർട്ട് ഫിലിമിലും റഫീഖ് മുമ്പ് വേഷമിട്ടിട്ടുണ്ട്.