തിരുവനന്തപുരം: ഏപ്രിൽ പകുതിയോടെ സംസ്ഥാനത്തെ കൊറോണബാധയുടെ യഥാർഥചിത്രം വ്യക്തമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. സാമൂഹികവ്യാപനം ഉണ്ടായില്ലെങ്കിൽപ്പോലും എല്ലാം ശരിയാകാൻ സമയമെടുക്കും. മാസങ്ങളോളം ഉണ്ടായേക്കാവുന്ന പ്രതിസന്ധി കണക്കിലെടുത്ത് അടിത്തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.

മുകൾത്തട്ടിൽനിന്ന് താഴെ വാർഡ് അംഗങ്ങളിലൂടെ ചെറിയ കമ്മിറ്റികളിൽ വരെ എത്തിനിൽക്കുന്നു ഈ പ്രവർത്തനങ്ങൾ. തദ്ദേശ സെക്രട്ടറിമാരാണ് നോഡൽ ഓഫീസർമാർ.

മാലിന്യംനീക്കാൻ നിർബന്ധിക്കണം

പലയിടത്തും മാലിന്യനീക്കം നിലച്ചു. കേന്ദ്രിത സംസ്കരണം ഇല്ലാത്തിടങ്ങളിൽ അഴുകുന്ന ജൈവമാലിന്യം വീട്ടുകാർ, സ്ഥാപനങ്ങൾ എന്നിവരെക്കൊണ്ട് സംസ്കരിപ്പിക്കണം. നിരീക്ഷണത്തിലുള്ളവരുടെയും മറ്റും മുഖാവരണം, കൈയുറ തുടങ്ങിയവ യഥാസമയം നീക്കാനാവുന്നില്ല. ബോധവത്കരണമാണു പ്രധാനം. പക്ഷേ, പറഞ്ഞാൽ പലരും കേൾക്കുന്നില്ല. ശുചിത്വസന്ദേശം ഓരോ വീട്ടിലും എത്തിക്കണം. എല്ലാ ആഴ്ചയും വീടും പരിസരവും ശുചീകരിക്കാൻ വീട്ടുകാരെ നിർബന്ധിക്കണം.

ഭക്ഷണം പ്രധാനം

സമൂഹ അടുക്കളയുടെ തിരക്കിലാണ് ജീവനക്കാരും കുടുംബശ്രീയും ജനപ്രതിനിധികളും. വീടുകളിൽ ഭക്ഷണമെത്തിക്കാൻ വൊളന്റിയർമാരെയും അടുക്കളയ്ക്ക് സ്ഥലവും ചെലവിന് സ്പോൺസർമാരെയും കണ്ടെത്തേണ്ടത് തദ്ദേശസ്ഥാപനങ്ങൾ. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുക, ഇവർ മുങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങിയ ജോലികളുമുണ്ട്.

കെട്ടിടങ്ങൾ തയ്യാർ

സമൂഹവ്യാപനമുണ്ടായാൽ ആശുപത്രികളൊരുക്കാനും ഐസൊലേഷനും നിരീക്ഷണത്തിലാക്കാനും പറ്റിയ കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഒറ്റച്ചിന്ത മാത്രം

താത്കാലികമായി കണ്ടെത്തിയ ഡോക്ടർമാർക്കും ജീവനക്കാർക്കും വാഹനം, ഭക്ഷണം, താമസസൗകര്യം എന്നിവയൊരുക്കണം. അറുപതു കഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കലാണ് അടുത്ത ജോലി. മദ്യാസക്തിയുള്ളവരെയും ഇനി കണ്ടെത്തേണ്ടി വരും.