ചെന്നിത്തല: ആർക്കും ഭൂരിപക്ഷമില്ലാത്ത ചെന്നിത്തല ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ്. പിന്തുണയോടെ എൽ.ഡി.എഫിലെ വിജയമ്മ ഫിലേന്ദ്രൻ പ്രസിഡൻറാകും. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ ബി.ജെ.പി. അധികാരത്തിലെത്തുന്നത് ഒഴിവാക്കാനാണ് എൽ.ഡി.എഫിനെ പിന്തുണയ്‍ക്കുന്നതെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇവിടെ പ്രസിഡന്റുപദവി പട്ടികജാതി വനിതാ സംവരണമാണ്.

ആറുസീറ്റുള്ള യു.ഡി.എഫിന് പട്ടികജാതി വനിതയില്ല. അതിനാൽ അവർക്കു മത്സരിക്കാൻ കഴിയില്ല. പതിനെട്ടംഗ പഞ്ചായത്തിൽ എൻ.ഡി.എയ്‌ക്ക് ആറും എൽ.ഡി.എഫിന് അഞ്ചും സീറ്റാണുള്ളത്. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് കോൺഗ്രസിലെ രവികുമാർ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കും. ഒരാൾ സ്വതന്ത്രനാണ്. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് എൽ.ഡി.എഫിന്റെ പിന്തുണ തേടിയിട്ടില്ലെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നുണ്ട്. എൻ.ഡി.എ. രണ്ടുസ്ഥാനത്തേക്കും മത്സരിക്കും.