തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാണാറുള്ള സ്ഥിരം മുഖങ്ങൾ ഇത്തവണയില്ല. പകരം യുവാക്കളും ഉയർന്നവിദ്യാഭ്യാസവുമുള്ളവരുമായ വലിയൊരുസംഘമാണ് സ്ഥാനാർഥികളായെത്തുന്നത്. എല്ലാ സംഘടനകളും തയ്യാറാക്കുന്ന സ്ഥാനാർഥിപ്പട്ടികകളിലെ സൂചനയാണിത്.

സി.പി.എമ്മും ബി.ജെ.പി.യും തങ്ങളുടെ സ്ഥാനാർഥിപ്പട്ടികകളിൽ യുവതയുടെ സൂചന നൽകിക്കഴിഞ്ഞു. ഡി.വൈ.എഫ്.ഐ. ഒരിക്കലും പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് പാർട്ടിനേതൃത്വത്തെ കാണുന്ന പതിവില്ല. പക്ഷേ, സി.പി.എം. അത് കണ്ടറിഞ്ഞ് ചെയ്യുന്നുണ്ട്. കോവിഡ്, പ്രളയം തുടങ്ങിയ ദുരന്തമുഖങ്ങളിൽ പ്രവർത്തിച്ച യുവാക്കളുടെ ക്രിയാത്മകനേതൃത്വം പാർട്ടിനേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ്‌ എ.എ. റഹീം പറയുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ഒമ്പത് ജില്ലകളിൽ ഡി.സി.സി. പ്രസിഡന്റുമാർക്ക് നേരിട്ട് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക കൈമാറിക്കഴിഞ്ഞതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്്‌ ഷാഫി പറമ്പിൽ എം.എൽ.എ. പറഞ്ഞു. തിങ്കളാഴ്ചയ്ക്കകം എല്ലാ ജില്ലകളിലെയും പട്ടിക കൈമാറും.

ഇത്തവണ 30 ശതമാനം സീറ്റുകളെങ്കിലും മുസ്‌ലിംലീഗ് യുവാക്കൾക്ക് നൽകുമെന്നാണ് യൂത്ത് ലീഗിന്റെ പ്രതീക്ഷ. മൂന്നുതവണ മത്സരിച്ച് ജയിച്ചവർ ഇത്തവണ മാറിനിൽക്കണമെന്ന ചരിത്രതീരുമാനം മുസ്‌ലിംലീഗ് കൈക്കൊണ്ടിട്ടുണ്ട്. ഈ സ്ഥാനങ്ങളിലേക്ക് സ്വാഭാവികമായും യുവാക്കളെയാണ് കൂടുതലും പരിഗണിക്കുക. അതുകൊണ്ടുതന്നെ ഏറ്റവുംകൂടിയ പ്രാതിനിധ്യമായിരിക്കും ലീഗിൽ യുവജനങ്ങൾക്ക് ലഭിക്കുകയെന്ന് യൂത്ത്‌ലീഗ്‌ പ്രസിഡന്റ്‌ പി.കെ. ഫിറോസ് പറയുന്നു.

യൗവനം നാടിന്

ഊർജസ്വലമായ യൗവനം നാടിന് സമർപ്പിക്കുന്നത് ഗുണം ചെയ്യും. വിദ്യാസമ്പന്നരായ ചെറുപ്പം കൂടുതലുള്ളത് ഇടതുവിജയം സുനിശ്ചിതമാക്കും.

-വി.കെ. സനോജ്, സംസ്ഥാന ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ.

പറയാതെ തന്നെ പ്രാതിനിധ്യം

തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം വേണമെന്ന് പറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. യുവാക്കൾക്ക് ഇത്രയധികം പരിഗണന മുമ്പ് ഒരിക്കലും കിട്ടിയിട്ടില്ല -സി.ആർ. പ്രഫുൽ കൃഷ്ണൻ, യുവമോർച്ച സംസ്ഥാനപ്രസിഡന്റ്

പുതുതലമുറ കടന്നുവരുന്നു

കെ.പി.സി.സി.യുടെ ഇടപെടൽ യുവജനങ്ങൾക്ക് പ്രതീക്ഷയാണ്. പുതിയ തലമുറയുടെ കടന്നുവരവ് പുത്തനുണർവേകുന്നതാണ്.

-പി.കെ. രാഗേഷ്, സംസ്ഥാന ജന. സെക്രട്ടറി, യൂത്ത് കോൺഗ്രസ്

നല്ല പരിഗണന ഉറപ്പ്

ചെറുപ്പക്കാർക്ക് ക്വാട്ട നിശ്ചയിക്കണമെന്ന നിലപാട് ഇന്ന് സംഘടനയ്ക്ക് ഇല്ലെങ്കിലും യുവാക്കൾക്ക് മികച്ചപരിഗണന സി.പി.ഐ. നൽകുമെന്നത് ഉറപ്പാണ്.

-പി. ഗവാസ്, സംസ്ഥാന ജോ. സെക്രട്ടറി, എ.ഐ.വൈ.എഫ്.