കാളികാവ്: കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡായ കറുത്തേനിയിൽ ഇത്തവണ ജയിക്കുമെന്ന് എൽ.ഡി.എഫിനും യു.ഡി.എഫിനും നല്ല ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ എന്തുവേണമെങ്കിലും പന്തയംവെക്കാൻ പ്രവർത്തകർക്ക് നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു.

മുസ്‌ലിം ലീഗിന്റെ കുത്തക വാർഡായ കറുത്തേനി കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് സി.ടി. സക്കരിയയിലൂടെ സി.പി.എം. പിടിച്ചെടുത്തത്. ഈ തിരഞ്ഞെടുപ്പിൽ എന്തു വിലകൊടുത്തും വാർഡ് തിരിച്ചുപിടിക്കുമെന്ന് ലീഗ് പ്രവർത്തകർ ഉറപ്പിച്ചു. സി.പി.എം. ലോക്കൽ സെക്രട്ടറി കൂടിയായ സക്കരിയ നേരിട്ട് ചുക്കാൻപിടിച്ച തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കണമെന്ന് ഇടത് പ്രവർത്തകരും ഉറപ്പിച്ചു. സുഹൃത്തുക്കൾ കൂടിയായ പ്രവർത്തകർ പിടിവാശിയുടെ പുറത്ത് ഇരു ചേരികളായിനിന്ന് വീറോടെയും വാശിയോടെയും വിജയത്തിനായി മത്സരിച്ചു.

വിജയത്തിൽ ഒട്ടും സംശയമില്ലാതിരുന്ന യു.ഡി.എഫ്. പ്രവർത്തകർ ജീവിതോപാധിയായ ഓട്ടോറിക്ഷയും സന്തത സഹചാരിയായ ബൈക്കുകളും വരെ പന്തയക്കളത്തിലിറക്കി. സി.പി.എം. ഷനില പൊന്നുവിലൂടെ വിജയം ആവർത്തിച്ചു. ഫലം വന്ന രാത്രിതന്നെ യു.ഡി.എഫ്. പ്രവർത്തകനായ ശഹർഷാൻ പന്തയംവെച്ച ഓട്ടോറിക്ഷ എൽ.ഡി.എഫ്. പ്രവർത്തകനായ ജസീമിനു കൈമാറി.

യു.ഡി.എഫ്. പ്രവർത്തകരായ അസ്കറും അക്ബറും ബൈക്കുകൾ മറുപക്ഷക്കാരായ മൊയ്തീൻ കുട്ടിക്കും സുഹൈലിനും കൈമാറി. പക്ഷേ, സൗഹൃദത്തിനുപുറത്ത് പന്തയത്തിന് നിമിഷനേരത്തെ ആയുസ്സ് മാത്രമാണുണ്ടായത്. ജയിച്ചവർ പന്തയവസ്തുക്കൾ സുഹൃത്തുക്കൾക്കു തിരിച്ചുനൽകി സൗഹൃദം വീണ്ടുമുറപ്പിച്ചു.

എന്നാൽ, യു.ഡി.എഫ്. പരാജയപ്പെട്ടാൽ പാലിയേറ്റീവ് ക്ലിനിക്കിന് 10,000 രൂപ പന്തയംവെച്ചയാളിൽനിന്നും സുഹൃത്തായ ബാപ്പുവിന്റെ മകളുടെ കല്യാണത്തിന് 10,000 നൽകുമെന്നു വെല്ലുവിളിച്ച പിലാക്കൽ ഫൈസലിൽനിന്നും പണം വാങ്ങുകയും ചെയ്തു.

Content Highlights: Local Body Election 2020 CPIM win