Brasiliya
മകന്‍ അഹമ്മദ് റസലിനൊപ്പം ബ്രസീലിയ

കോഴിക്കോട്: ഫുട്‌ബോൾ ഭ്രാന്തൻമാരുടെ നഗരത്തിൽ ബ്രസീലിയാ ഷംസുദ്ദീൻ വീണ്ടും കളത്തിലിറങ്ങി. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം കോർപറേഷൻ 55-ാം വാർഡ് പയ്യാനക്കലിലാണ് ബ്രസിലീയ രണ്ടാംവട്ടം മത്സരിക്കാനിറങ്ങുന്നത്. 2010-ൽ മുഖദാറിൽനിന്ന് യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചിരുന്നു.

ബ്രസീലിയൻ ഫുട്‌ബോളിന്റെ ആരാധകനായ അമ്മാവൻ പുതിയവീട് ശരീഫ് സമ്മാനിച്ചതാണ് ബ്രസീലിയ എന്നപേര്. ബ്രസീലിന്റെ തലസ്ഥാനമാണ് ബ്രസീലിയ. പള്ളിക്കണ്ടി, മുഖദാർ, നൈനാംവളപ്പ്, പയ്യാനക്കൽ തുടങ്ങിയ തീരപ്രദേശങ്ങളിലെല്ലാം ഫുട്‌ബോളിന് ആഴത്തിൽ വേരോട്ടമുണ്ട്. അഞ്ചുവട്ടം ലോകചാമ്പ്യൻമാരായ ബ്രസീലിനും ഫുട്‌ബോൾ മാന്ത്രികൻ പെലെക്കും ഇവിടെ ആരാധകരേറെ.

താൻ ഫുട്‌ബോൾ സ്നേഹിയാണെങ്കിലും ബ്രസീലിന്റെ മാത്രം ആരാധികയല്ലെന്ന് ബ്രസീലിയ പറയുന്നു. യു.ഡി.എഫിന് കോർപറേഷൻ ഭരണം ലഭിച്ചാൽ നൈനാംവളപ്പിൽ ഫുട്‌ബോൾ മൈതാനമെന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നാണ് ബ്രസീലിയയുടെ വാഗ്ദാനം.

വനിതാ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയാണ് ബ്രസീലിയ. ഭർത്താവ് ഷംസുദ്ദീൻ ബിസിനസുകാരനാണ്. നഫീസ റന്ന, അഹമ്മദ് റനീം, അഹമ്മദ് റസിൻ, അഹമ്മദ് റസിൻ എന്നിവരാണ് മക്കൾ.