തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലും, കൊല്ലം ജില്ലയിൽ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലും എറണാകുളം കോർപ്പറേഷനിലെ ഒരു വാർഡിലുമാണ് ഫെബ്രുവരി 14ന് ഉപതിരഞ്ഞെടുപ്പ്.

മാതൃകാ പെരുമാറ്റച്ചട്ടം ജനുവരി 16ന് നിലവിൽവന്നു. നാമനിർദ്ദേശ പത്രിക 28 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 29ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാനദിവസം 31 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 14ന് രാവിലെ 7ന് ആരംഭിച്ച് വൈകീട്ട് 5ന് അവസാനിക്കും. വോട്ടണ്ണൽ 15ന് രാവിലെ 10ന് തുടങ്ങും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങൾ

തിരുവനന്തപുരം: കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി. കൊല്ലം: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ പെരുമൺ. പത്തനംതിട്ട: റാന്നി ഗ്രാമപ്പഞ്ചായത്തിലെ പുതുശ്ശേരിമല പടിഞ്ഞാറ്. ആലപ്പുഴ: ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി, കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ, കൈനകരി ഗ്രാമപ്പഞ്ചായത്തിലെ ഭജനമഠം, കരുവാറ്റ ഗ്രാമപ്പഞ്ചായത്തിലെ നാരായണ വിലാസം. കോട്ടയം: നീണ്ടൂർ ഗ്രാമപ്പഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റ് ഓഫീസ്. എറണാകുളം: കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ വൈറ്റില ജനത, ഒക്കൽ ഗ്രാമപ്പഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപ്പഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപ്പഞ്ചായത്തിലെ കുന്നുകര ഈസ്റ്റ്. തൃശ്ശൂർ ചാഴൂർ ഗ്രാമപ്പഞ്ചായത്തിലെ കോലോത്തുംകടവ്, അരിമ്പൂർ ഗ്രാമപ്പഞ്ചായത്തിലെ വിളക്കുമാടം. പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയിലെ കൽപ്പാത്തി, തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്തിലെ കറുകപുത്തൂർ, അഗളി ഗ്രാമപ്പഞ്ചായത്തിലെ പാക്കുളം, നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ ലില്ലി. മലപ്പുറം: കാവന്നൂർ ഗ്രാമപ്പഞ്ചായത്തിലെ ഇളയൂർ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി, തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂർ. കോഴിക്കോട്: ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തിലെ പുതിയോട്ടും കണ്ടി, പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ, താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പള്ളിപ്പുറം, കോട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ നരയംകുളം. വയനാട്: നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ മംഗലം. കണ്ണൂർ: കീഴല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ എളമ്പാറ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി, കല്യാശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ വെള്ളാംഞ്ചിറ.

Content Highlights: local body by election