തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിച്ചു. തിങ്കളാഴ്ച ഡ്രൈഡേ ആയതിനാൽ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തിൽ വരിക. വിവിധ ബ്രാൻഡുകൾക്ക് പത്തുമുതൽ മുപ്പതുവരെ രൂപയുടെ വർധനയുണ്ട്.
മുന്തിയ ബ്രാൻഡുകൾക്ക് 100 രൂപവരെ വില കൂടിയിട്ടുണ്ട്. ബിവറേജസ് കോർപ്പറേഷന്റെ വാങ്ങൽവിലയിൽ ഏഴുശതമാനം വർധന വരുത്തിയതാണ് വിലകൂടാൻ കാരണം. മദ്യക്കമ്പനികളുടെ ഉത്പാദനച്ചെലവ് വർധിച്ചതിനെ തുടർന്നാണ് വില കൂട്ടിയത്.
ഫുൾബോട്ടിൽ മദ്യം ഇനി ചില്ലുകുപ്പികളിൽ മാത്രമാകും നൽകുക. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ കുപ്പിയിലും മദ്യം വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Content Highlight: Liquor price hike in Kerala