മല്ലപ്പള്ളി: ആത്മഹത്യ ചെയ്യാൻ കാരണം തേടുന്നവരുടെ ദുരന്തമുഖങ്ങളാണ് പലയിടത്തും കാണാനാവുക. എന്നാൽ, തളർന്നുപോയ കൂടപ്പിറപ്പുകൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു പെങ്ങളുടെ നൊമ്പരക്കാഴ്ചയാണ് കുന്നന്താനം കരിക്കണ്ണൻചിറ പേരൂർ വീട്ടിൽ. 43 വർഷമായി ശ്യാമളകുമാരി ഈ ശുശ്രൂഷ തുടങ്ങിയിട്ട്. ഇതിനിടയിൽ വയസ്സ് 63 കടന്നത് ഇവർ അറിഞ്ഞില്ല.

സഹോദരൻ പ്രകാശ് കുമാറിന് കൈകാലുകളിലെ മാംസപേശികൾ ശോഷിക്കുന്ന രോഗം പിടിപെട്ടത് പതിനാലാം പിറന്നാൾ കഴിഞ്ഞാണ്. ഇന്ന് 57 വയസ്സുണ്ട്. അടുത്തയാൾ സന്തോഷ് കുമാർ. എട്ട് വയസ്സിലേ വയ്യാതായി. ഇപ്പോൾ 55-ലെത്തി. ചികിത്സയേറെ നടത്തിക്കഴിഞ്ഞപ്പോഴാണ്, ഇരുവർക്കും ‘പ്രോഗ്രസീവ് മാസ്‌കുലറി ഡിസ്ട്രോഫി’ എന്ന മാറാവ്യാധിയാണെന്നറിയുന്നത്.

ഇവരുടെ അച്ഛൻ രാമചന്ദ്രൻ നായർ പോലീസിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ചങ്ങനാശ്ശേരി സ്റ്റേഷനിൽ ജോലിയിലിരിക്കെ അച്ചടക്കനടപടിയിൽ ഉദ്യോഗം നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് ഹൃദ്രോഗബാധിതനായി. അച്ഛനും തളർന്നുകിടക്കുന്ന സഹോദരങ്ങളും ഭാരമായെന്ന് കരുതി ചിന്താവിഷ്ടയായില്ല ഈ ശ്യാമള. വിവാഹിതയായി വീടുവിട്ടാൽ ഇവരെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ലെന്ന തിരിച്ചറിവിൽ എല്ലാ സ്വപ്നങ്ങളും സ്വയം കുഴിച്ചുമൂടി.

വീട്ടുകാര്യത്തിനിടയിൽ കഷ്ടപ്പെട്ട് പഠിച്ച് ബിരുദം നേടി. പിന്നെ, നാട്ടിലെ കുട്ടികൾക്ക് ട്യൂഷൻ നൽകുന്ന ടീച്ചറായി. ഇതിൽനിന്നു്‌ കിട്ടുന്നതും സഹോദരങ്ങളുടെ വികലാംഗ പെൻഷനുമായി തുച്ഛമായ വരുമാനം. എന്നാൽ, ഇപ്പോൾ കോവിഡ് കാലം അതിനും തിരിച്ചടിയായി.

2005-ൽ അച്ഛൻ മരിച്ചു. അധികനാൾ കഴിയുംമുൻപ് അമ്മ രത്‌നമ്മയും അവശതയിലായി. എങ്കിലും ഇതുവരെ മുന്നോട്ടുപോയി. കോവിഡ് നിയന്ത്രണങ്ങളിൽ ട്യൂഷൻ നിലച്ചതോടെ ഏക വരുമാനവും ഇല്ലാതായി. കുന്നന്താനത്ത് അഞ്ച് സെന്റിലൊരു പഴയ വീട്ടിലാണ് താമസം. അച്ഛന്റെ കുടുംബസ്വത്തായി ചമ്പക്കുളം കണ്ടങ്കരി സ്കൂളിന് അടുത്ത് 32 സെന്റ് സ്ഥലമുണ്ട്. ഇത് വിറ്റുകിട്ടുന്ന തുക കുടുംബസംരക്ഷണത്തിനും ചികിത്സയ്ക്കും ഉപകാരപ്പെട്ടേനെ. എന്നാൽ അച്ഛൻ മരിച്ച് 16 വർഷം കഴിഞ്ഞും വസ്തു പേരിൽക്കൂട്ടാൻപോലും ഇവർക്ക് കഴിഞ്ഞിട്ടില്ല.

പോലീസിലെ സേവനകാലം കണക്കാക്കി അച്ഛന്റെ കുടുംബപെൻഷൻ സർക്കാർ അനുവദിക്കുമോ വസ്തു ഇടപാട് നടത്താൻ കഴിയുംവിധം രേഖകൾ ശരിയാക്കി കിട്ടുമോ അമ്മയെയും സഹോദരങ്ങളെയുംകൂടി സംരക്ഷിക്കുന്ന ഒരു കേന്ദ്രത്തിലേക്ക് മാറാൻ കഴിയുമോ ചോദ്യങ്ങൾ ഇങ്ങനെ കുറെയുണ്ട്. പക്ഷേ, കിടപ്പിലായ കുടുംബാംഗങ്ങളെയെല്ലാം കൈകളിലെടുത്ത് പ്രാഥമികകൃത്യംവരെ നിർവഹിപ്പിക്കുന്നതിനിടയിൽ ഇതിന്റെയൊന്നും പിന്നാലെ പോകാൻ ശ്യാമളയ്ക്ക് നേരമില്ല. കണ്ണീരിനുപോലും ഇടം നൽകാതെ ജോലിത്തിരക്കിലാണിവർ. സ്വയം മെഴുകുതിരിയായി എരിഞ്ഞുതീരുന്നത് കാര്യമാക്കാതെ.

Syamalakumari amma P.R.
A/c no. 37345051846
IFSC: SBIN0070956
SBI Kunnamthanam
Pathanamthitta District