കണ്ണൂര്‍: ജീവന്‍രക്ഷാമരുന്നുകള്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നതായി എക്‌സൈസ് വിഭാഗം കണ്ടെത്തി. 12 തരം മരുന്നുകളാണ് ഇത്തരത്തില്‍ ഏറെയും ഉപയോഗിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകള്‍ വില്കാന്‍പാടില്ലെന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ട്.

ബ്യൂപ്രിനോര്‍ഫിന്‍, ഫിനാര്‍ഗന്‍, പെത്തഡിന്‍, മോര്‍ഫിന്‍, നൈട്രോ സെപാം, ലോറ സെപാം, ഡൈക്ലോഫിനാക്, ഫെനാമിന്‍, പ്രോമിത്തേസിന്‍, പെന്റാസോസൈന്‍, മോര്‍ഫെറിഡിന്‍, ഡൈസഫാം എന്നീ മരുന്നുകളാണ് വ്യാപകമായി ദുരുപയോഗംചെയ്യുന്നത്.
നിയമവരുദ്ധമായി ഈ മരുന്നുകള്‍ വില്ക്കുന്നത് പിടികൂടാന്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന കര്‍ശനമാക്കി.
 
മെഡിക്കല്‍ സ്റ്റോറുകളിലും പരിസരങ്ങളിലും രഹസ്യനിരീക്ഷണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. മുന്നോടിയായാണ് കുറിപ്പടിയില്ലാതെ ഈ മരുന്നുകള്‍ നല്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്കിയത്.

ആരോഗ്യവകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം എന്നിവയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാനാണ് എക്‌സൈസിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ അമിതവില്പനയോ ദുരുപയോഗമോ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ മിന്നല്‍ പരിശോധന നടത്തും. ഓരോ ഡ്രഗ് ഇന്‍സ്‌പെക്ടറും തന്റെ കീഴിലെ സ്റ്റോറുകളില്‍ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

ആയുര്‍വേദ മരുന്നുകള്‍ ചേരുവ വ്യതാസപ്പെടുത്തിയും അളവില്‍ മാറ്റംവരുത്തിയും ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെഭാഗമായി ആയുര്‍വേദ മരുന്നുകടകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു.
ഇതോടെയാണ് മറ്റ് മരുന്നുകളില്‍ ലഹരികണ്ടെത്തിത്തുടങ്ങിയത്. ലഹരിഗുളികകള്‍ വിദ്യാര്‍ഥികളിലാണ് ഏറെയും പ്രചരിക്കുന്നത്. ഇതിനുവേണ്ടിമാത്രമായി തയ്യാറാക്കുന്ന ഗുളികകളുമുണ്ട്.

കര്‍ണാടകയില്‍നിന്ന് വന്‍തോതില്‍ ലഹരിഗുളികകള്‍ വടക്കേ മലബാറിലേക്ക് കടത്തുന്നുണ്ട്. ഇത് തടയാനും എക്‌സൈസ് പരിശോധന കര്‍ശനമാക്കി. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നുപയോഗം തടയാന്‍ പോലീസും നടപടി സ്വീകരിക്കുന്നുണ്ട്.