തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷന്റെ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് കീറാമുട്ടിയാകുന്നു. എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായാണ് ലൈഫ് പദ്ധതിക്ക്‌ സർക്കാർ തുടക്കമിട്ടത്.

പുതിയ വീടുകൾക്ക് സഹായധനം നൽകുന്നതിലെ സാങ്കേതികപ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഗ്രാമപ്പഞ്ചായത്തുകൾ വഴി തിരഞ്ഞെടുത്ത, ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കൾക്ക് ഈ വർഷം വീടുകൾ ലൈഫ്മിഷനിലൂടെ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.

1.63 ലക്ഷം പേരാണ് ഭൂമിയുള്ള ഭവനരഹിതരായി സംസ്ഥാനത്തുള്ളത്. ഈ സാമ്പത്തികവർഷം അയ്യായിരത്തോളം പേർക്കുമാത്രമാണ് സഹായധനം നൽകാനായത്. ഗ്രാമസഭ വഴി അംഗീകരിച്ച പട്ടികയിൽ നിന്ന്‌ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിലെ ഗുണഭോക്താക്കളെ ഒഴിവാക്കി വേണം വീടുനിർമാണത്തിന് കരാർ നൽകേണ്ടത്. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ ) പദ്ധതിയിൽ ഈ വർഷം നൽകേണ്ട വീടുകളുടെ എണ്ണം കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഇതുവൈകിയാൽ ലൈഫ് പദ്ധതി ഈവർഷം ലക്ഷ്യം കാണില്ലെന്ന് തദ്ദേശവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാർ സാമൂഹിക സാമ്പത്തിക ജാതി സെൻസസിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കൾക്കാണ് പി.എം.എ.വൈ. പദ്ധതിയിൽ മുമ്പ് വീടുകൾ നൽകിയിരുന്നത്. 2016-17, 2017-18 വർഷങ്ങളിൽ 42,431 വീടുകൾ അനുവദിച്ചപ്പോൾ കേന്ദ്ര മാനദണ്ഡപ്രകാരം 16438 പേർക്ക് മാത്രമേ സംസ്ഥാനത്തുനിന്ന്‌ സഹായം നൽകാൻ കഴിഞ്ഞിട്ടുള്ളൂ. ഈ പ്രതിസന്ധി പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിലൂടെ സംസ്ഥാന സർക്കാർ ലൈഫ് മിഷനിൽ തയ്യാറാക്കിയ പട്ടികയിൽനിന്ന്‌ ഗുണഭോക്താക്കളെ കണ്ടെത്താൻ കേന്ദ്രം തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ, പട്ടിക ഇതുവരെ അന്തിമമാക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രം തയ്യാറാക്കിയ മൊബൈൽ ആപ്പുവഴി വേണം ഗുണഭോക്താക്കളുടെ വിവരം നൽകേണ്ടത്.

ലൈഫ്മിഷനിലുള്ള 1.63 ലക്ഷം പേരുടെ പട്ടികയിൽനിന്ന്‌ 60,000-ഓളം പേരുടെ താത്‌കാലിക പട്ടിക ഗ്രാമ വികസന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയെങ്കിലും അതിന് കേന്ദ്രം അനുമതി നൽകിയിട്ടില്ല. കേന്ദ്രം നൽകുന്ന മൊബൈൽ ആപ്പു വഴി ഗുണഭോക്താക്കളുടെ വിവരങ്ങൾ നൽകിയ ശേഷം ഉപഗ്രഹ പരിശോധനയിലൂടെയാവും പട്ടികയ്ക്ക് അംഗീകാരം നൽകുക. അതേതായാലും ഉടനെയൊന്നും ഉണ്ടാകാൻ ഇടയില്ല.

ത്രിതല പഞ്ചായത്തുകൾ ഓരോ വീടിനും നൽകേണ്ട തുക സംബന്ധിച്ച് നേരത്തേ സർക്കാർ ഉത്തരവിറക്കിയിരുന്നു. വാർഷിക പദ്ധതിയിൽ ലൈഫ് പദ്ധതിക്കായി 20 ശതമാനത്തോളം തുക ത്രിതല പഞ്ചായത്തുകൾ വകയിരുത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നൽകേണ്ട വീടുകളുടെ എണ്ണം സംബന്ധിച്ചു വ്യക്തതയില്ലാത്തതും ലൈഫ്പദ്ധതി നടത്തിപ്പിന് വിനയായി.

പി.എം.എ.വൈ. കൂടാതെ, സംസ്ഥാന സർക്കാരിന്റെ പട്ടികജാതി-വർഗം, ഫിഷറീസ്, ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ ഈ സാമ്പത്തികവർഷം നൽകുന്ന വീടുകൾ കുറവുചെയ്ത ശേഷമാണ് ഓരോ ഗ്രാമപ്പഞ്ചായത്തുകളും ലക്ഷ്യം പുനർനിശ്ചയിക്കേണ്ടത്. ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തതു കാരണം ത്രിതല പഞ്ചായത്തുകൾ വകയിരുത്തിയ തുകയുപയോഗിച്ച് വീടുകൾ അനുവദിക്കാനും കഴിയുന്നില്ല.

കേന്ദ്ര പദ്ധതിയും വകുപ്പുകളുടെ ലക്ഷ്യവും നോക്കാതെ എത്രയും വേഗം വീടുകൾ അനുവദിക്കാൻ അനുമതി നൽകണമെന്നാണ് തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. വകുപ്പുകൾ സഹായധനം നല്കേണ്ട ഗുണഭോക്താക്കളെ സംബന്ധിച്ച് സർക്കാർ മുൻകൈയെടുത്ത് അന്തിമധാരണ ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

സംസ്ഥാന ബജറ്റിൽ 2500 കോടി രൂപയോളം വിവിധ വകപ്പുകൾക്കുള്ള ഭവന പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. ഇപ്പോൾ ത്രിതല തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തിയിട്ടുള്ള മുഴുവൻ തുകയും പുതിയ വീടുകൾക്കായി മാറ്റാൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്.

ലൈഫ് മിഷനിൽ വീടുകൾക്ക് നൽകാനായി അടുത്തിടെ 4000 കോടി രൂപയോളം ഹഡ്‌കോയിൽനിന്ന്‌ വായ്പയും ലഭിച്ചിട്ടുണ്ട്. ഇതും വിതരണം ചെയ്തുതുടങ്ങിയിട്ടില്ല.