കൊച്ചി: ലൈഫ് മിഷനെതിരായ സി.ബി.ഐ. അന്വേഷണവും എഫ്.ഐ.ആറും റദ്ദാക്കണമെന്ന ആവശ്യങ്ങൾ ഹൈക്കോടതി തള്ളി. വടക്കാഞ്ചേരിയിൽ യു.എ.ഇ. സഹായത്തോടെ ഫ്ലാറ്റ് നിർമിക്കുന്നതിൽ വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ (എഫ്.സി.ആർ.എ.) ലംഘനം നടന്നുവെന്ന പരാതിയിലെ അന്വേഷണവും എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളാണ് ജസ്റ്റിസ് പി. സോമരാജൻ തള്ളിയത്. ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ്, കെട്ടിട നിർമാണക്കരാർ ലഭിച്ച യൂണീടാക് കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.

യു.എ.ഇ. റെഡ് ക്രസന്റിൽനിന്നുള്ള വിദേശസഹായം വകമാറ്റി യൂണീടാക്കിന്റെ അക്കൗണ്ടിലെത്തിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു. അതിനായാണ് യു.എ.ഇ. കോൺസൽ ജനറലും യൂണീടാക്, സെയിൻ വെഞ്ചേഴ്സ് എന്നിവരും തമ്മിൽ പ്രത്യേക കരാറുണ്ടാക്കിയത്. അതിനാൽ സി.ബി.ഐ. അന്വേഷണം പ്രാഥമികമായി ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ, ലൈഫ് മിഷനെതിരേ സി.ബി.ഐ.ക്ക് അന്വേഷണം തുടരാം.

സി.ബി.ഐ. അന്വേഷണം ഹൈക്കോടതിയുടെ മറ്റൊരു സിംഗിൾ ബെഞ്ച് നേരത്തേ സ്റ്റേചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. നൽകിയ അപേക്ഷയിലാണ് ഇപ്പോൾ വിധിപറഞ്ഞത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബാധ്യതയില്ല

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടപ്പാക്കുന്ന ഘട്ടത്തിലാണ് എല്ലാ കുഴപ്പങ്ങളും നടന്നിരിക്കുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥർ, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ് നായർ, സരിത്, സന്തോഷ് ഈപ്പൻ എന്നിവരും ഇവരുടെ കൂട്ടാളികളുമായി ചേർന്നാണ് ക്രമക്കേടുകൾ നടത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവൃത്തി, നയപരമായ തീരുമാനങ്ങളെടുത്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റകരമായ ബാധ്യതയിൽ ഉൾപ്പെടുത്താൻ പര്യാപ്തമല്ലെന്ന്‌ കോടതി നിരീക്ഷിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിപോലുള്ള വിഷയത്തിൽ പ്രത്യേകിച്ചും.

കരാറുണ്ടാക്കിയതിൽത്തന്നെ കള്ളക്കളി വ്യക്തമാണ്. കൈക്കൂലി വാങ്ങാനും സി.എ.ജി. ഓഡിറ്റ് ഒഴിവാക്കാനുമായിരുന്നു കരാർ. അതിനാൽ സന്തോഷ് ഈപ്പനോ ലൈഫ് മിഷൻ അധികൃതർക്കോ ക്രിമിനൽ നടപടിയിൽനിന്നു രക്ഷപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സർക്കാർ അപ്പീലിന്

ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. വിധിയിൽ വസ്തുതാപരമായ പിശകുണ്ടെന്നു ചൂണ്ടിക്കാട്ടിയാകും അപ്പീൽ. അപ്പീൽ നൽകാനാകുമെന്നാണ് സർക്കാരിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ്‌ സാധ്യത. ഭരണാധികാരികളെ കുറ്റപ്പെടുത്താതെയുള്ള ഹൈക്കോടതിവിധി പൂർണമായും എതിരല്ലെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.