കോട്ടയം: രാജ്യത്ത് 37,000 അഭിഭാഷകരുടെ സേവനം ഉറപ്പാക്കി ലീഗൽ സർവീസ് ക്ലിനിക്കുകൾ പ്രവർത്തനം തുടങ്ങി. കോവിഡ് കാലത്ത് നിയമസഹായം വീട്ടുപടിക്കലേക്ക് എന്ന ലക്ഷ്യമാണ് ‘ഏക് പഹൽ ഡ്രൈവ്’ എന്ന പദ്ധതിയിലൂടെ കേന്ദ്രനിയമകാര്യവകുപ്പ് നൽകുന്നത്.

നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് സാധാരണക്കാർക്ക് പെട്ടെന്ന് നിയമസഹായം ലഭ്യമാക്കുന്ന പദ്ധതി. എല്ലാ സംസ്ഥാനങ്ങളിലെയും ലീഗൽ സർവീസ് അതോറിറ്റികളും പാരാ ലീഗൽ വൊളന്റിയർമാരും അഭിഭാഷകരും സഹായത്തിനുണ്ടാകും. നിയമകാര്യങ്ങളിലുള്ള സംശയം പരിഹരിക്കാനും ഇവർ സഹായിക്കും.

4100 ലീഗൽ എയ്ഡ് ക്ലിനിക്കുകൾ

രാജ്യത്ത് 672 ജില്ലകളിൽ നിയമസഹായക്ലിനിക്കുകളുടെ സേവനം കിട്ടും. 4100 ക്ലിനിക്കുകളുണ്ട്. 185 വാഹനങ്ങൾ ഇതിനായി സജ്ജീകരിച്ചു. 37,000 അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നത് രാജ്യത്തെ 51,434 കോമൺ സർവീസ് സെന്ററുകളിലൂടെയാണ്. ഇവിടെ ജനങ്ങൾക്ക് രജിസ്റ്റർചെയ്യാം.

അവർക്കായി അനുവദിക്കുന്ന വക്കീൽ നിയമപ്രശ്നങ്ങളിൽ സംശയം തീർക്കാനും ഏതെങ്കിലും വ്യവഹാരത്തിൽ തുടർനടപടി അറിയിക്കാനും ഫോണിൽ ബന്ധപ്പെടും.

കോമൺ സർവീസ് സെന്ററിൽ രജിസ്റ്റർചെയ്യാം

കേന്ദ്രസർക്കാരിന്റെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാൻ എല്ലാ നാട്ടിലും പ്രവർത്തിക്കുന്ന കോമൺ സർവീസ് സെന്ററിൽ നിയമസഹായത്തിനുള്ള ടെലി-ലോ രജിസ്‌ട്രേഷൻ നടത്താം. വിവിധ പ്രാദേശികഭാഷകളിൽ തയ്യാറാക്കിയ 25,000 പോസ്റ്ററുകൾ ഇവിടെ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. 15 ലക്ഷം ആൾക്കാർ ഇതിനകം ഓൺലൈൻ നിയമസഹായ പോർട്ടലിന്റെ വിവിധ സേവനങ്ങൾ തേടി.