കോതമംഗലം: മാനുഷികതയിലും സമൂഹനന്മയിലും ഊന്നിയ ക്രിസ്തുവിന്റെ വഴിയാണ് ഇടതുപക്ഷത്തിന്റെയും പാതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോതമംഗലത്ത് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ജീവചരിത്രമായ 'ശ്രേഷ്ഠം ഈ ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
യാക്കോബായ സഭയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ ഒന്നാണ്. പുതുതലമുറയ്ക്ക് ശ്രേഷ്ഠ ബാവയുടെ ജീവിതം അനുഭവ പാഠമാണ്. വിശ്വാസത്തെയും വിപ്ലവത്തെയും സംയോജിപ്പിച്ച കര്‍മജീവിതമാണ് ബാവയുടേത്.

ഭരണസംവിധാനങ്ങളുടെ വരെ എതിര്‍പ്പുകളെ നേരിട്ടാണ് ബാവ സഭയെ നയിച്ചത്. സാമൂഹിക സേവന കാര്യത്തില്‍ സഭ നടക്കുന്ന വഴിയിലൂടെ തന്നെയാണ് സര്‍ക്കാരും സഞ്ചരിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് നടക്കുന്ന മാറ്റങ്ങള്‍ക്ക് സഭയുടെ പൂര്‍ണപിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാക്കോബായ സഭയും മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷനും സംയുക്തമായി എം.എ. കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പ്രകാശന ചടങ്ങില്‍ മാര്‍ തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

സി.എസ്.ഐ. സഭ മേലുകാവ് ബിഷപ്പ് ഡോ. കെ.ജി. ശാമുവേല്‍ മെത്രാപ്പോലീത്ത, എം.എ. കോളേജ് അസാസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, എപ്പിസ്‌കോപ്പല്‍ സൂഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സഭ അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ്, പി.പി. തങ്കച്ചന്‍, ജോയ്‌സ് ജോര്‍ജ് എം.പി., ആന്റണി ജോണ്‍ എം.എല്‍.എ., ഡോ. സിറിയക് തോമസ്, ഡോ. വി.ടി. വര്‍ഗീസ്, ഗ്രന്ഥകര്‍ത്താവ് പി.ടി. ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.എല്‍.എ.മാരായ എല്‍ദോസ് കുപ്പിള്ളി, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്‍, എല്‍ദോ എബ്രഹാം, സഭയിലെ മെത്രാപ്പോലീത്തമാര്‍ തുടങ്ങിയവരും പങ്കെടുത്തു.