തിരുവനന്തപുരം: വ്യവസായസംരംഭങ്ങൾക്ക് പാട്ടത്തിന് ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥകൾ ഏകീകരിക്കാൻ നടപടി തുടങ്ങി. നിലവിൽ നാല് രീതിയിലാണ് ഭൂമി നൽകുന്നത്. ദീർഘകാല നിക്ഷേപം കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെ പാട്ടക്കാലവധി നീട്ടുന്നതും പരിഗണനയിലാണ്.

കേരള വ്യവസായ വികസന കോർപ്പറേഷൻ, കിൻഫ്ര, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, സിഡ്‌കോ എന്നീ നാല് ഏജൻസികൾ വഴിയാണ് വ്യവസായ ആവശ്യങ്ങൾക്ക് സർക്കാർഭൂമി നൽകുന്നത്. പാട്ടം, ഔട്ട് റൈറ്റ് പർച്ചേഴ്‌സ്, ഹയർ പർച്ചേഴ്‌സ് എന്നിങ്ങനെ പല രീതിയിലാണ് നൽകാറുള്ളത്. പാട്ടവ്യവസ്ഥയിൽ മാത്രമായിട്ടായിരിക്കും ഇനി നൽകുക. എല്ലാ ഏജൻസികൾക്കും ഒറ്റ വ്യവസ്ഥയായിരിക്കും. ഇതിനുള്ള കരട് നിർദേശം വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ടി. ഇളങ്കോവൻ, എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരുടെ പരിശോധനയിലാണ്.

നിലവിൽ 30 വർഷത്തേക്കാണ് പാട്ടത്തിന് നൽകുന്നത്. നേരത്തേ 90 വർഷംവരെ നൽകിയിരുന്നു. 30 വർഷമെന്നത് ദീർഘകാല പദ്ധതികൾക്ക് തടസ്സമാകുമെന്ന വിലയിരുത്തൽ കെ.എസ്.ഐ.ഡി.സി. അടക്കം മുന്നോട്ടുവെച്ചിട്ടുണ്ട്. 50 വർഷമെങ്കിലുമാക്കാനാണ് പരിഗണന. സർക്കാർഭൂമിയിൽ തുടങ്ങുന്ന സംരംഭങ്ങളിൽ മാറ്റംവരുത്തൽ, സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ, പാട്ടക്കരാറിൽനിന്ന് പിൻവാങ്ങൽ എന്നീ കാര്യങ്ങളിലും നടപടികൾ ലഘൂകരിക്കും.

സംരംഭകൻ നൽകുന്ന പദ്ധതിരേഖ അംഗീകരിക്കുന്നതിന് അനുസരിച്ചാണ് ഭൂമി അനുവദിക്കുന്നത്. പിന്നീട് വിപണി, മത്സര സാധ്യത, ലാഭക്ഷമത എന്നിവയ്ക്കെല്ലാം അനുസരിച്ച് സംരംഭം മാറ്റുന്നതിനോ വൈവിധ്യവത്‌കരണത്തിനോ തടസ്സമാകുന്ന വ്യവസ്ഥകളാണ് ഇപ്പോഴുള്ളത്. സംരംഭങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം നിലവിലെ സാഹചര്യത്തിൽ കഴിയില്ല. ഭൂമി തിരിച്ചെടുത്ത്, പുതിയ അപേക്ഷയിലൂടെ വീണ്ടും അനുവദിക്കേണ്ട സ്ഥിതിയാണുള്ളത്. കൈമാറ്റത്തിന് കഴിയാതെ വരുന്നത് സംരംഭംതന്നെ ഇല്ലാതാകുന്നതിന് ഇടയാക്കുമെന്നാണ് ഇന്റസ്‌ട്രിയൽ അസോസിയേഷൻ അടക്കം വ്യവസായവകുപ്പിനെ അറിയിച്ചിട്ടുള്ളത്.

പാട്ടക്കരാർ റദ്ദ്ചെയ്യണമെങ്കിലുള്ള വ്യവസ്ഥയും നിലവിൽ കടുത്തതാണ്. വലിയ തുക സർക്കാരിലേക്ക് നൽകേണ്ടിവരുന്നുണ്ട്.