എടപ്പാൾ: മുസ്‌ലിംലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണോ അതല്ല ഒരു മുസ്‌ലിം സാമുദായിക സംഘടനയാണോ എന്നകാര്യത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ലീഗിനെ കടന്നാക്രമിച്ചത്. ലീഗിന്റെ സംശയം മാറാൻ ഓരേയൊരു പോംവഴിയേയുള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷ്‌ട്രീയ സംഘടനയുടെ പേരിൽനിന്ന് ‘മുസ്‌ലിം’ ഒഴിവാക്കുക. അല്ലാത്തിടത്തോളംകാലം സംശയരോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.

മുസ്‌ലിംലീഗിനെ വിമർശിച്ചാൽ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിനെതിരാവുക. കോൺഗ്രസിനെ നിയന്ത്രിക്കുന്നത് കേരള കോൺഗ്രസോ ആർ.എസ്.പിയോ ആണെന്നുപറഞ്ഞാൽ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്‌ലിംലീഗാണെന്നു പറയുമ്പോൾ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണ്. വർഗീയക്കണ്ണടയിലൂടെ എല്ലാറ്റിനെയും നോക്കിക്കാണുന്നവർക്ക് എല്ലാം വർഗീയമായി തോന്നുക സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു.

പുതിയകാലത്തെ ലീഗ് നേതൃത്വം സാമുദായിക സ്വത്വത്തിലേക്ക് ഉൾവലിയുന്ന കാഴ്ച ദയനീയവും പരിഹാസ്യവുമാണ്. മുഖം വികൃതമായവർ സ്വയം കണ്ണാടി കുത്തിപ്പൊട്ടിക്കുന്നതുകാണാൻ നല്ല ചേലുണ്ട്. വിദ്യാർഥിനേതാക്കളെ ഇറക്കി പിണറായി വിജയനെ ’താനെന്നൊക്കെ’ വിളിപ്പിക്കുന്നവർ അതിനു പ്രതികരണമെന്നോണം അത്തരം വിളികൾ ലീഗിന്റെ ആത്മീയനേതൃത്വത്തിനെതിരായി ഉയർത്തപ്പെടുമ്പോൾ ധാർമികരോഷം കൊള്ളരുത്. മറ്റുള്ളവരുടെ ആരാധ്യപുരുഷരെ ചീത്തപറയരുത്. അങ്ങനെ പറഞ്ഞാൽ അവർ നിങ്ങളുടെ ആരാധ്യരെയും ചീത്ത പറയുമെന്ന ഖുർആൻ വാക്യമെങ്കിലും ലീഗ് ഓർക്കുന്നത് നന്നാവുമെന്നും മന്ത്രി പറഞ്ഞു.

content highlights: league should clear stand- says kt jaleel