കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ബി.ജെ.പി.യിലെ ഗ്രൂപ്പ് വഴക്കുകള്‍ നേതൃത്വത്തിന് എതിരായ ഒളിയുദ്ധമായി മാറുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും എതിരായുള്ള ഈ നീക്കങ്ങളെല്ലാം നേതൃമാറ്റം എന്ന അജണ്ടയില്‍ ഊന്നിയാണ്. ദേശീയനേതൃത്വത്തിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുന്നതിനൊപ്പം തന്നെ ആര്‍.എസ്.എസിന്റെ പിന്തുണ നേടാനുമാണ് വിരുദ്ധ ഗ്രൂപ്പുകളുടെ നീക്കം. ഇതിനെ പ്രതിരോധിക്കാന്‍ ഔദ്യോഗിക പക്ഷവും സക്രിയമായുണ്ട് .

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ തിരഞ്ഞെടുപ്പു കമ്മിറ്റിയില്ലാതെയായാണ് ബി.ജെ.പി നേരിട്ടതെന്ന ആക്ഷേപം നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയും ഫിനാന്‍സ് കമ്മിറ്റി രൂപവത്കരിക്കാതെയുമാണിറങ്ങിയതെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. 140 നിയോജകമണ്ഡലങ്ങളില്‍നിന്നും രണ്ടുപേരുടെ വീതം സാധ്യതാ പട്ടികയാണ് സ്ഥാനാര്‍ഥിനിര്‍ണയത്തിനായി തയ്യാറാക്കിയത്. ഈ പട്ടിക തള്ളിക്കൊണ്ട് വി. മുരളീധരനും കെ. സുരേന്ദ്രനും തങ്ങളുടെ ഗ്രൂപ്പുകാര്‍ക്കും ഇഷ്ടക്കാര്‍ക്കും സ്ഥാനാര്‍ഥിത്വം വീതിച്ചു നല്‍കുകയാണുണ്ടായതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. കേന്ദ്ര നേതൃത്വത്തില്‍നിന്ന് ലഭിച്ച ഫണ്ട് വിതരണത്തിന്റെ കാര്യത്തിലും വലിയ വിവേചനം കാണിച്ചെന്നാണ് മറ്റൊരു പരാതി.

വിജയസാധ്യതയുള്ള പത്തു മണ്ഡലങ്ങളിലേക്ക് സംഘാടകരെയും സംയോജകന്മാരെയും മുഴുവന്‍ സമയ പ്രവര്‍ത്തകരെയും നല്‍കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നുമുള്ള പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങളുടെ നിര്‍ദേശം നേതൃത്വം തള്ളിയെന്നാണ് മറ്റൊരു ആക്ഷേപം. ഒരു മണ്ഡലത്തിലേക്കും പുറത്തുനിന്നു പ്രവര്‍ത്തകരെ കൊണ്ടുവരരുതെന്ന് തീരുമാനമെടുത്ത നേതൃത്വം വിജയസാധ്യതയുള്ള ചില മണ്ഡലങ്ങളില്‍നിന്ന് നേതാക്കളെ മറ്റു മണ്ഡലത്തിലേക്ക് കൊണ്ടുപോയത് ചിലരെ കരുതിക്കൂട്ടി തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമമാണെന്നും ആരോപണം ഉയരുന്നു.

പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തിലേക്ക് കടന്നതോടെ തങ്ങളുടെ ആവശ്യത്തിന് കുറെക്കൂടി പിന്തുണ കിട്ടുമെന്ന വിശ്വാസത്തിലാണ് ഈ വിഭാഗം.