ആലപ്പുഴ: സംഘടനാ നേതാക്കളിൽ ചിലർക്ക് സാമ്പത്തികകാര്യങ്ങളിലാണ് കൂടുതൽ താത്‌പര്യമെന്ന് സി.ഐ.ടി.യു. പ്രവർത്തനറിപ്പോർട്ട്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൻറെ പ്രവർത്തനറിപ്പോർട്ടിലാണ് ഈ പരാമർശം. ചില നേതാക്കൾ സാമ്പത്തികതാത്‌പര്യങ്ങൾക്കുമാത്രം പ്രാധാന്യം നൽകുന്നു. കെ.എസ്.ആർ.ടി.സി.യിൽ സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലംകണ്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

സി.ഐ.ടി.യു. സംസ്ഥാന നേതാക്കളിൽ പലരും സംഘടനാകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. മുൻ മന്ത്രി എസ്. ശർമയുടെ പേരെടുത്തുപറഞ്ഞ് വിമർശനവുമുണ്ട്. തൊഴിലാളികളുടെ അംഗത്വം വർധിപ്പിക്കുന്നത് ലക്ഷ്യംകണ്ടില്ല.

വടക്കൻ ജില്ലകളിൽ കോഴിക്കോടും പാലക്കാടുമൊഴികെ ജില്ലാ നേതൃത്വങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. ആലപ്പുഴയിലെ ജില്ലാനേതാക്കളുടെ പ്രവർത്തനത്തെയും രൂക്ഷമായി വിമർശിക്കുന്നു. സംഘനാകാര്യങ്ങളിൽ ശ്രദ്ധിക്കാതെ വിഭാഗീയതയുണ്ടാക്കുന്നതായാണ് വിമർശം.

എൽ.ഡി.എഫ്. സർക്കാർ കെ.എസ്.ആർ.ടി.സി.യിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ തൊഴിലാളികൾ അസംതൃപ്തരാണ്. ജനാധിപത്യ അവകാശങ്ങൾപോലും ഹനിക്കപ്പെട്ടു. പി.എഫ്., ഇൻഷുറൻസ് ആനുകൂല്യങ്ങൾപോലും തൊഴിലാളികൾക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ചർച്ച നടക്കും. 22,12,690 തൊഴിലാളികളെ പ്രതിനിധാനം ചെയ്ത് 608 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Content Highlights:  Leaders are behind wealth-citu