തൊടുപുഴ: കോൺഗ്രസ് വിമതന്റെയും കൂറുമാറിയെത്തിയ ലീഗ് സ്വതന്ത്രയുടെയും പിന്തുണയോടെ തൊടുപുഴ നഗരസഭയുടെ ഭരണം എൽ.ഡി.എഫ്. പിടിച്ചെടുത്തു. എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർഥി,കോൺഗ്രസ് വിമതൻ സനീഷ് ജോർജും ഡെപ്യൂട്ടി ചെയർപേഴ്‌സൺ സ്ഥാനാർഥിയായ ലീഗ് സ്വതന്ത്ര ജെസി ജോണി നെടുംകല്ലേലും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.രണ്ടുപേർക്കും 14 വോട്ടുവീതം കിട്ടി.

ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയുടെ ഭരണം അപ്രതീക്ഷിതമായാണ് എൽ.ഡി.എഫ്. പിടിച്ചെടുത്തത്. മുപ്പത്തഞ്ചംഗ കൗൺസിലിൽ യു.ഡി.എഫ്-13, എൽ.ഡി.എഫ്.-12, എൻ.ഡി.എ.-എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്ന് മുന്നണികളും ചെയർമാൻ സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചതിനാൽ 14 പേരുടെ പിന്തുണ ഉറപ്പിക്കുന്നവർ അധികാരത്തിൽ എത്തുന്ന അവസ്ഥയായിരുന്നു. അതിനാൽ വിമതരെ കൂടെനിർത്താൻ എൽ.ഡി.എഫും ചർച്ചകൾ നടത്തിവരുകയായിരുന്നു.

കീരികോട് 19-ാം വാർഡിൽ കോൺഗ്രസ് വിമതയായി ജയിച്ച നിസാ സക്കീർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ്. അധികാരം ഉറപ്പിച്ച മട്ടായിരുന്നു. പന്ത്രണ്ടാം വാർഡായ കാരൂപ്പാറയിൽനിന്ന് കോൺഗ്രസ് വിമതനായി ജയിച്ച സനീഷ് ജോർജിന്റെ പിന്തുണയും തങ്ങൾ ഉറപ്പിച്ചതായാണ് രാത്രി വൈകി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അവകാശപ്പെട്ടത്. തുടർന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിലെ അഡ്വ. ജോസഫ് ജോണിനെ യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർഥിയായി നിശ്ചയിക്കുകയും ചെയ്തു. ഇതിനെതിരേ കോൺഗ്രസിൽ പ്രതിഷേധം ഉയർന്നെങ്കിലും ഭരണം നേടാനാകുമെന്ന് തന്നെയായിരുന്നു യു.ഡി.എഫിന്റെ ഉറച്ച പ്രതീക്ഷ.

എന്നാൽ, തിങ്കളാഴ്ച രാവിലെ കാര്യങ്ങൾ മാറിമറിഞ്ഞു. കോൺഗ്രസ് വിമതൻ സനീഷ് ജോർജിനൊപ്പം ഒമ്പതാം വാർഡായ പെട്ടേനാടിൽ ലീഗ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ജെസി ജോണി എൽ.ഡി.എഫ്. പാളയത്തിലെത്തിയതാണ് യു.ഡി.എഫിന് തിരിച്ചടിയായത്. ഇരുവരെയും എൽ.ഡി.എഫ്. യഥാക്രമം ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനാർഥികളായി നിശ്ചയിക്കുകയും ചെയ്തു.

സനീഷ് ജോർജിനെയും ജോസഫ് ജോണിനെയും കൂടാതെ എൻ.ഡി.എയുടെ ടി.എസ്.രാജനും ചെയർമാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ സനീഷ് ജോർജിന് 14-ഉം ജോസഫ് ജോണിന് 13-ഉം ടി.എസ്.രാജന് എട്ടും വോട്ടുകൾ ലഭിച്ചു. തുടർന്ന് ആദ്യ രണ്ട് സ്ഥാനക്കാരെ ഉൾപ്പെടുത്തി നടത്തിയ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ചെയർമാനെ നിശ്ചയിച്ചത്. അപ്പോഴും സനീഷ് ജോർജിന് 14-ഉം ജോസഫ് ജോണിന് 13-ഉം വോട്ടുകൾ ലഭിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പിൽനിന്ന് എൻ.ഡി.എ. അംഗങ്ങൾ വിട്ടുനിന്നു. ഉച്ചയ്ക്ക് നടന്ന ഡെപ്യൂട്ടി ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു. ലീഗിന്റെ ഷഹനാ ജഫാറും എൻ.ഡി.എയുടെ ബിന്ദു പദ്‌മകുമാറുമായിരുന്നു ജെസി ജോണിയുടെ എതിരാളികൾ.