തിരുവനന്തപുരം: എ.കെ.ജി. സെന്റർമുതൽ പ്രവർത്തകരുടെ വീടുകൾവരെ ദീപങ്ങളും പൂത്തിരിയും നിറച്ച് എൽ.ഡി.എഫിന്റെ വിജയാഘോഷം. കോവിഡ് തടയിട്ട തിരഞ്ഞെടുപ്പ് വിജയാഘോഷമാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് വീടുകളിലും പാർട്ടി ഓഫീസുകളിലുമായി നടന്നത്. മുൻനിശ്ചയിച്ചപ്രകാരം വൈകീട്ട് ഏഴിന് നേതാക്കളും പാർട്ടിപ്രവർത്തകരും അനുഭാവികളുമെല്ലാം തങ്ങളുടെ വീടുകളിൽ ദീപംതെളിയിച്ചു. ചിലയിടങ്ങളിൽ പടക്കംപൊട്ടിക്കലും മധുരവിതരണവും നടന്നു.

വൈകുന്നേരത്തോടെ എ.കെ.ജി. സെന്റർ ദീപങ്ങളാൽ അലംകൃതമായി. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയാണ് എ.കെ.ജി. സെന്ററിലെ ആഘോഷങ്ങൾക്ക്‌ നേതൃത്വംനൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിൽ കുടുംബാംഗങ്ങൾക്കൊപ്പം ദീപാലങ്കാരമൊരുക്കി. ഭാര്യ കമലയോടൊപ്പം പൂത്തിരി കത്തിച്ചാണ് പിണറായി തുടർവിജയം ആഘോഷമാക്കിയത്. മാധ്യമപ്രവർത്തകർക്ക് പായസവിതരണവും നടന്നു.

പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി. സെന്ററിനുസമീപത്തെ ഫ്ളാറ്റിലിരുന്ന് ആഘോഷത്തിൽ പങ്കാളിയായി. ഫ്ളാറ്റിലെ താമസക്കാരായ മറ്റുനേതാക്കളും ആഘോഷങ്ങളിൽ പങ്കാളികളായി. സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ ആഘോഷം നടന്നു. സി.പി.ഐ. സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ. സ്മാരകത്തിൽ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ആദ്യദീപം തെളിയിച്ചു.

വിജയദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ദീപം തെളിക്കണമെന്ന് എൽ.ഡി.എഫ്. നേതൃത്വം അണികൾക്കും പ്രവർത്തകർക്കും നിർദേശംനൽകിയിരുന്നു. വീടുകൾക്കുപുറമേ മറ്റ് ബഹുജനസംഘടനാ ഓഫീസുകളിലും ദീപംതെളിക്കലും ആഘോഷവും നടന്നു.