തിരുവനന്തപുരം: ശബരിമല വിഷയം വിശ്വാസികളെ ഇടതുമുന്നണിയിൽനിന്ന് അകറ്റിയെന്ന് എൽ.ഡി.എഫ്. യോഗത്തിൽ ഘടകകക്ഷികളുടെ വിമർശനം. ഇതു കണ്ടില്ലെന്നുനടിച്ചിട്ട് കാര്യമില്ല. വനിതാമതിൽ കഴിഞ്ഞതിനുപിന്നാലെ രണ്ടു യുവതികൾ ശബരിമലയിലെത്തിയത് വിശ്വാസികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് മുറിവേറ്റ സംഭവമാണ്. ഇതിൽ വീഴ്ചപറ്റിയെന്ന് ഘടകകക്ഷി നേതാക്കൾ പറഞ്ഞു. എൽ.ജെ.ഡി., ഐ.എൻ.എൽ. കേരള കോൺഗ്രസ് (ബി) എന്നീ പാർട്ടികളുടെ നേതാക്കളാണ് ‘ശബരിമല’യിലെ തിരിച്ചടി ചൂണ്ടിക്കാട്ടിയത്.
വിഷയത്തിൽ സർക്കാരിന് മറ്റൊരു നിലപാട് സ്വീകരിക്കാനാവില്ലായിരുന്നെന്ന് ഇതിനു മറുപടിയായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. രണ്ടുയുവതികൾ ശബരിമലയിലെത്തിയത് സർക്കാരിന്റെ ശ്രമംകൊണ്ടായിരുന്നില്ല. എങ്കിലും ഇക്കാര്യത്തിൽ പോലീസ് സ്വീകരിച്ച നിലപാട് വിശ്വാസികൾ തെറ്റിദ്ധരിച്ചു. ഇത് വസ്തുതയാണെന്നും കോടിയേരി സമ്മതിച്ചു.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായിരുന്നു എൽ.ഡി.എഫ്. യോഗം. മുഖ്യമന്ത്രിയായിരുന്നു അധ്യക്ഷൻ. കാര്യമായ മുഖവുരയില്ലാതെ ‘ചർച്ചയാവാം’ എന്ന ആമുഖത്തോടെ മുഖ്യമന്ത്രി ഘടകകക്ഷികളെ സംസാരിക്കാനായി ക്ഷണിച്ചു. ‘ശബരിമല’ എന്ന വാക്ക് പരാമർശിക്കാതെ കോടിയേരി തുടക്കമിട്ടു. ഇടതുപക്ഷത്തിന് കിട്ടേണ്ടിയിരുന്ന മതേതരവോട്ടുകൾ നല്ലരീതിയിൽ യു.ഡി.എഫിനനുകൂലമായതാണ് പരാജയകാരണമായി കോടിയേരി വിശദീകരിച്ചത്.
വോട്ടിലെ അന്തരം പരിശോധിക്കണം -സി.പി.ഐ.
വോട്ടുശതമാനത്തിലെ അന്തരവും ഭൂരിപക്ഷത്തിന്റെ തോതും ഇടതുമുന്നണി പരിശോധിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പ്രായോഗികമായ ചർച്ചയുണ്ടാകണം. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വേണ്ടത്ര ചർച്ച എൽ.ഡി.എഫിലുണ്ടാകുന്നില്ല. ഇത് മാറ്റണം. തിരഞ്ഞെടുപ്പിലെ തിരിച്ചടി ഉൾക്കൊണ്ട് തിരുത്തലുണ്ടാകണമെന്ന് എൻ.സി.പി. നേതാവ് ടി.പി. പീതാംബരൻ പറഞ്ഞു.
ശബരിമല ആദ്യം ഉന്നയിച്ചത് ബാലകൃഷ്ണപിള്ള
യോഗത്തിൽ ശബരിമല ആദ്യം ഉന്നയിച്ചത് കേരള കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയാണ്. തിരിച്ചടി കണ്ടില്ലെന്നുനടിച്ച് പോയിട്ട് കാര്യമില്ല. വിശ്വാസികളെ തിരികെയെത്തിക്കാൻ ഫലപ്രദമായി പ്രവർത്തിക്കണം. പിണങ്ങിനിൽക്കുന്ന സംഘടനകളുമായി ‘ഒത്തുതീർപ്പ്’ വേണം. എൻ.എസ്.എസിന്റെ പേരുപറയാതെയായിരുന്നു പരാമർശം. ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും എതിർത്തുനിൽക്കുന്നവരെ എന്തുചെയ്യാനാണെന്ന് ഇതിനു മറുപടിയായി കോടിയേരി ചോദിച്ചു.
പ്രചാരണത്തിൽ ‘ശബരിമല’യ്ക്ക് സി.പി.എം. വിലക്കിട്ടതാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനിടയാക്കിയതെന്ന് എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസ് പറഞ്ഞു. ഹൈന്ദവവിശ്വാസികളിൽ മാത്രമല്ല, മുസ്‌ലിം വിഭാഗങ്ങൾക്കിടിയിലും ഇടതുപക്ഷവിരുദ്ധ നിലപാടിന് ശബരിമല കാരണമായെന്ന് ഐ.എൻ.എൽ. നേതാവ് അബ്ദുൾ വഹാബ് പറഞ്ഞു.
വിശ്വാസികളെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനമുണ്ടാകും
ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് അകന്നുപോയ വിശ്വാസിസമൂഹത്തെ തിരിച്ചടുപ്പിക്കാനുള്ള സംഘടനാപ്രവര്‍ത്തനം നടത്തും. മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്താനായി എല്‍.ഡി.എഫ്. കൂട്ടായും ഘടകകക്ഷികള്‍ ഒറ്റയ്ക്കൊറ്റയ്ക്കും രാഷ്ട്രീയപ്രചാരണം നടത്തും.
- എ. വിജയരാഘവന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍
Content Highlights: ldf meeting criticizes sabarimala issue