തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് സി.പി.എം.-സി.പി.ഐ. ധാരണ. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് മാത്രമായിരിക്കും മന്ത്രിസ്ഥാനം.സി.പി.എമ്മിന് മുഖ്യമന്ത്രിയുള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കര്‍ പദവിയും ലഭിക്കും. സി.പി.ഐ.ക്ക് നാലുമന്ത്രിമാരും ഡെപ്യൂട്ടിസ്പീക്കര്‍ പദവിയും കിട്ടും. ജനതാദള്‍(എസ്), എന്‍.സി.പി., കോണ്‍ഗ്രസ്(എസ്) എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം നല്‍കാനാണ് പ്രാഥമിക ധാരണ. വെള്ളിയാഴ്ച രാത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയായത്. 

മുന്‍ എല്‍.ഡി.എഫ്. മന്ത്രിസഭയിലുണ്ടായിരുന്ന അത്രയും മന്ത്രിമാര്‍ മതിയെന്ന് സി.പി.എം. നേതാക്കള്‍ നിര്‍ദേശിച്ചു. സി.പി.ഐ.യും അതിനോട് യോജിച്ചു. എല്ലാ ഘടകകക്ഷികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തില്‍ അതിന് കഴിയുമെന്നാണ് പ്രതീക്ഷ. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായാല്‍ ഒരംഗം മാത്രമുള്ള കക്ഷികളും ഒഴിവാക്കപ്പെട്ടേക്കാം. മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിക്കാതെതന്നെ വകുപ്പുകളില്‍ ചില വെച്ചുമാറ്റങ്ങള്‍ക്ക് സി.പി.ഐ. താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗതാഗതവകുപ്പിന്റെ കാര്യത്തില്‍ സി.പി.എമ്മിനും സി.പി.ഐ.ക്കും ഒരുപോലെ താത്പര്യമുണ്ട്. ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദമാണ് ഇതിനുപിന്നില്‍. ആര്‍.എസ്.പി., കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ കൈവശംവെച്ച ജലസേചനം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് സി.പി.ഐ. ആവശ്യപ്പെടുന്നത്. പിണറായിക്കൊപ്പം എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഇപ്പോഴുള്ള ആലോചന. സി.പി.എമ്മിന്റെ മന്ത്രിമാരെ നിശ്ചയിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ചയും സംസ്ഥാനസമിതി തിങ്കളാഴ്ചയും ചേരും.

മന്ത്രിസഭയുടെ ഘടന, വകുപ്പുവിഭജനം, മന്ത്രിമാരുടെ എണ്ണം എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഞായറാഴ്ച എല്‍.ഡി.എഫ്. യോഗവും ചേരും. സി.പി.എമ്മിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ ഔദ്യോഗികചര്‍ച്ച നടന്നില്ലെങ്കിലും ചില ആലോചന നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ച സി.പി.എം. കേന്ദ്രകമ്മിറ്റി-സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി.ജയരാജന്‍, തോമസ് ഐസക്, കെ.കെ.ശൈലജ, എ.കെ.ബാലന്‍, എം.എം.മണി, ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാരാകും. ഇവര്‍ക്കുപുറമെ ജി.സുധാകരന്‍, എസ്.ശര്‍മ, എ.സി.മൊയ്തീന്‍, മേഴ്സിക്കുട്ടിയമ്മ, കെ.ടി.ജലീല്‍, വി.കെ.സി. മമ്മദ്കോയ, രാജു എബ്രഹാം, കടകംപള്ളി സുരേന്ദ്രന്‍, സി.രവീന്ദ്രനാഥ് എന്നിവരാണ് പരിഗണനയില്‍. 


സി.പി.എം. കൈവശം വെച്ചിരുന്ന പ്രധാന വകുപ്പുകളുടെ കാര്യത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ആഭ്യന്തരവകുപ്പ് പിണറായിക്കുതന്നെയാകാനാണ് സാധ്യത. പിണറായി ഏറ്റെടുത്തില്ലെങ്കില്‍ ഇ.പി.ജയരാജന് അത് ലഭിച്ചേക്കും.
 പിണറായി ആഭ്യന്തരവകുപ്പേറ്റെടുത്താല്‍ ജയരാജന്‍ സഹകരണമന്ത്രിയായേക്കും. തോമസ് ഐസക്കിനുതന്നെ ധനകാര്യം ലഭിച്ചേക്കും. എ.കെ.ബാലന്‍ വ്യവസായവകുപ്പിന്റെയും കെ.കെ.ശൈലജ ആരോഗ്യവകുപ്പിന്റെയും മന്ത്രിമാരായേക്കും. ജി.സുധാകരന് പൊതുമരാമത്ത് വകുപ്പായിരിക്കും. അയിഷാപോറ്റിയെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സൂചനയുണ്ട്.

ശനിയാഴ്ച ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ ആലോചന നടന്നില്ല.  യോഗത്തില്‍ ചില അംഗങ്ങള്‍, സി.പി.എം. മന്ത്രിമാരുടെ എണ്ണം കൂട്ടിയാല്‍ സി.പി.ഐ.യും ഒരു മന്ത്രിസ്ഥാനം അധികം ചോദിക്കണമെന്ന നിര്‍ദേശം വെച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നില്ല. സി.പി.ഐ.യില്‍നിന്ന് ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, ഇ.എസ്.ബിജിമോള്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത. മുന്‍ മന്ത്രിമാരെ പരിഗണിക്കേണ്ടെന്നുതീരുമാനിച്ചാല്‍ സി.ദിവാകരനും മുല്ലക്കരയ്ക്കും മാറിനില്‍ക്കേണ്ടിവരും. അങ്ങനെവന്നാല്‍ ആര്‍.രാമചന്ദ്രനായിരിക്കും സാധ്യത.

സത്യപ്രതിജ്ഞ 25-നു തന്നെ 

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 25-ന് നടക്കും. വൈകീട്ട് 5-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരിക്കും ചടങ്ങ്. ശനിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പിണറായിയും ഗവര്‍ണറെ കാണും.