കോഴിക്കോട്: ഇടതുമുന്നണിയുടെയും സി.പി.എമ്മിന്റെയും ചരിത്രത്തിൽ ആദ്യമായാണ് ഒരേ ഒരു നേതാവിന്റെമാത്രം പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. ഞായറാഴ്ച പുറത്തിറക്കിയ ‘ഉറപ്പാണ് എൽ.ഡി.എഫ്.’ എന്ന പരസ്യ വാചകവുമായി നാടാകെ ഇടതുമുന്നണിയുടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ‘എൽ.ഡി.എഫ്. വരും, എല്ലാം ശരിയാകും’ എന്ന പരസ്യവാചകവുമായി 2016-ൽ പ്രചാരണം നടത്തിയ ഇടതുമുന്നണി ഇത്തവണ ഭരണത്തുടർച്ച ഉറപ്പാണ് എന്നാണ് പുതിയ പരസ്യത്തിലൂടെ പ്രഖ്യാപിക്കുന്നത്.

അതേസമയം, ഈ പരസ്യവാചകത്തിന് മൂന്ന് തലങ്ങളാണ് അണിയറയിലുള്ളവർ വിഭാവനം ചെയ്തിരിക്കുന്നത്. ഇടതുഭരണത്തിന് തുടർച്ച ഉറപ്പാണ് എന്ന പ്രഖ്യാപനമാണ് ആദ്യത്തേത്. രണ്ടാമത്തേത് ഇപ്പോഴത്തെ സർക്കാർ തുടർന്നുവരുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന ഉറപ്പാണ്. എന്നാൽ, മൂന്നാമത്തെ ഘടകമാണ് ഏറ്റവും പ്രധാനം. പിണറായി വിജയൻ തന്നെയായിരിക്കും മുഖ്യമന്ത്രിസ്ഥാനാർഥി എന്നതിന് അടിവരയിടുന്ന വാചകം കൂടിയാണ് ഇടതുമുന്നണി ഏറ്റെടുത്തിരിക്കുന്നത്.

സി.പി.എമ്മിന്റെ ശീലമനുസരിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന പതിവ് സാധാരണയായി ഉണ്ടാവാറില്ല. 1957 മുതലുള്ള തിരഞ്ഞെടുപ്പിലെല്ലാം അതായിരുന്നു ശീലം. മത്സരിക്കാത്തവരെ ഇടയ്ക്ക് ആകസ്മികമായി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ചരിത്രവുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ സി.പി.എമ്മിന്റെ എല്ലാ പ്രചാരണ സാമഗ്രികളിലും മൂന്ന് മുഖങ്ങളായിരുന്നു പൊതുവായി ഉണ്ടായിരുന്നത്. വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവയായിരുന്നു ആ മുഖങ്ങൾ. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മാത്രമായിരിക്കും പ്രചാരണസാമഗ്രികളിൽ ഉണ്ടാകുക.

പരമ്പരാഗതവും ആധുനികവുമായ എല്ലാ പ്രചാരണ മാർഗങ്ങളും ഇടതുമുന്നണി പരീക്ഷിക്കുന്നുണ്ട്. പരസ്യങ്ങളുടെ ട്രോളുകൾ കൂടി പ്രതീക്ഷിച്ചാണ് അണിയറയിൽ ശില്പികൾ നിൽക്കുന്നത്. എതിരായുള്ള ട്രോളുകൾപോലും ഇടതുമുന്നണിയുടെ പരസ്യങ്ങളായി മാറുമെന്നതും ആദ്യദിവസം തന്നെ പ്രതീക്ഷിച്ചതിലേറെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു എന്നതും വിജയമായി സി.പി.എം. ബുദ്ധികേന്ദ്രങ്ങൾ വിലയിരുത്തുന്നു.