തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗം കേരള കോൺഗ്രസിനെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷമൊരുക്കാനായി കൺവീനർ എ. വിജയരാഘവൻ നടത്തിയ പരാമർശം എൽ.ഡി.എഫിന് വിനയാകുന്നു. ബാർക്കോഴ കെ.എം. മാണി നടത്തിയിട്ടില്ലെന്നും അന്ന് അതെല്ലാം എൽ.ഡി.എഫ്. പറഞ്ഞത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നുവെന്നുമാണ്‌ വിജയരാഘവൻ ഒരുമാധ്യമത്തോട് പറഞ്ഞത്. തുറന്നുപറച്ചിലിന് പിന്നാലെ ഇനിയെങ്കിലും തെറ്റായസമരത്തിന് മാപ്പുപറയണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടപ്പോൾ, വിജയരാഘവന്റെ നിലപാടിനെ സി.പി.ഐ. തള്ളി.

ബാർകോഴ കേസിൽ കെ.എം. മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തിനെതിരേ ഇടതുപക്ഷം സമരത്തിനിറങ്ങിയത്. നോട്ടെണ്ണൽ യന്ത്രം മാണിയുടെ വീട്ടിലുണ്ട് എന്നുതുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു. അതൊക്കെ തെറ്റായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. യു.ഡി.എഫിന് എതിരായിരുന്നു സമരം. മാണി യു.ഡി.എഫ്. പക്ഷത്തായതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ സമരം നടത്തേണ്ടിവന്നത്. ബാർകോഴ എന്നുപറഞ്ഞ ഒരു സംഭവമേ ഇപ്പോഴില്ല. മാണിയെ ദുർബലപ്പെടുത്താൻ ഉമ്മൻചാണ്ടി നടത്തിയ ഗുഢാലോചനയാണ് ബാർകോഴ സംഭവമെന്നും വിജയരാഘവനെ ഉദ്ധരിച്ച് ഈ മാധ്യമം റിപ്പോർട്ടുചെയ്തു.

വാർത്ത വ്യാജമാണ് എന്ന വിശദീകരണമാണ് സി.പി.എമ്മിന്റെ ഔദ്യോഗിക സാമൂഹികമാധ്യമ പേജിലൂടെ വിജയരാഘവൻ നൽകിയത്. ബാർക്കോഴ സമരം ശരിയായിരുന്നുവെന്നും വിജയരാഘവന്റെ നിലപാടല്ല തങ്ങൾക്കുള്ളതെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.

അത് മാർക്‌സിസ്റ്റ് വിരുദ്ധ വ്യാജവാർത്ത വിജയരാഘവൻ

വാർത്ത തെറ്റായ നിലയിൽ ഉത്‌പാദിപ്പിച്ചതാണെന്ന് എ. വിജയരാഘവൻ വിശദീകരിച്ചു. ഫോണിലൂടെ പത്രപ്രതിനിധി ചോദ്യമായി ഉന്നയിച്ച വിഷയങ്ങളെ ഉത്തരമായി പരിവർത്തനം ചെയ്യിപ്പിച്ച് തന്റെ പേരിൽ കെട്ടിയേൽപ്പിക്കുകയാണുണ്ടായത്. കെ.എം. മാണിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ദിവംഗതനായ ഒരു പൊതുപ്രവർത്തകനെക്കുറിച്ച് ഇപ്പോളൊരു ചർച്ച അനിവാര്യമല്ല എന്ന ഉത്തരമാണ് നൽകിയത്. യു.ഡി.എഫ്. സർക്കാരിനെതിരേ നടത്തിയ എല്ലാസമരങ്ങളും ശരിയായിരുന്നു. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ്. വിട്ടിരിക്കുകയാണ്. യു.ഡി.എഫിനെ തകർച്ചയിൽനിന്ന് രക്ഷിക്കാനുള്ള പരിശ്രമമാണ് ഈ വാർത്ത. അത് വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.