തിരുവനന്തപുരം: സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെതിരേ അഭിഭാഷകരുടെ ബഹളം. ബാർ അസോസിയേഷൻ ഭാരവാഹികളടക്കമുള്ള അഭിഭാഷകർ ചേംബറിൽച്ചെന്ന് മജിസ്‌ട്രേറ്റിനുമുന്നിൽ ബഹളംവെച്ചു. എന്നാൽ, മജിസ്‌ട്രേറ്റ് തീരുമാനം മാറ്റിയില്ല. അഭിഭാഷകപ്രതിഷേധം ശമിപ്പിക്കാൻ പ്രത്യേക സിറ്റിങ് നടത്തി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ. ബാബു പ്രതിക്ക് ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലാണ് അസാധാരണമായ സംഭവം. വാഹനാപകട കേസിൽ വിചാരണയ്ക്കെത്തിയ കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ മണിയുടെ ജാമ്യമാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപാ മോഹൻ റദ്ദാക്കിയത്. സാക്ഷിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യില്ലെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷിയായ പള്ളച്ചൽ സ്വദേശി ലത പ്രതി ഭീഷണിപ്പെടുത്തിയെന്ന് വിചാരണയ്ക്കിടെ പറഞ്ഞതോടെയാണ് ജാമ്യം റദ്ദാക്കിയത്.

ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സാക്ഷി കള്ളമാണ് പറയുന്നതെന്നും അഭിഭാഷകൻ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. എന്നാൽ, നിലപാട് മാറ്റാൻ മജിസ്‌ട്രേറ്റ് തയാറായില്ല. ഇതോടെ അഭിഭാഷകർ കൂട്ടമായെത്തി പ്രതിഷേധിച്ചു. കോടതി ബഹിഷ്കരിക്കുമെന്ന പ്രചാരണവും ഇതിനിടെയുണ്ടായി.

സംഭവം ജില്ലാ ജഡ്ജിയുടെ മുന്നിലെത്തി. പ്രശ്നപരിഹാരത്തിന് ജില്ലാ ജഡ്ജി ജാമ്യഹർജിയിൽ വാദം കേൾക്കാൻ തയ്യാറായി. തുടർന്ന് പ്രതിക്ക് ജാമ്യം നൽകി. സംഭവത്തിനുശേഷം മജിസ്‌ട്രേറ്റിനെതിരേ ബാർ അസോസിയേഷൻ ഭാരവാഹികൾ പരസ്യമായി രംഗത്തുവന്നു.

ബസ് യാത്രയ്ക്കിടെ ഡ്രൈവർ അലക്ഷ്യമായി വാഹനം ബ്രേക്ക് ചെയ്തതിനാൽ വീണ് തലയ്ക്ക് പരിക്കുപറ്റിയെന്ന ലതയുടെ പരാതിയിലാണ് കേസ്.

 Lawyers protest over denial of bail in court