കാളികാവ്: ആനയുടെ ചവിട്ടേറ്റു മരിച്ചതായി പറയുന്ന മാവോവാദി നേതാവ് ലതയുടെ അനുസ്മരണച്ചടങ്ങ് ചൊവ്വാഴ്ച നടക്കും.

ലതയുടെ ജന്മനാടായ മലമ്പുഴ തൂപ്പള്ളത്ത് മാവോവാദികളാണ് അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള പോലീസ് അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്. പോലീസിന്റെ നടപടി വകവെക്കാതെ നിശ്ചയിച്ച പരിപാടിയുമായി മുന്നോട്ടുപോകാനാണ് മാവോവാദികളുടെ തീരുമാനം.

പഴയകാല നക്‌സല്‍ പ്രവര്‍ത്തക കൂടിയായ ലതയുടെ അനുസ്മരണച്ചടങ്ങില്‍ ഒട്ടേറെ നേതാക്കള്‍ പങ്കെടുത്തേക്കും. നക്‌സല്‍ബാരി നേതാക്കളും പങ്കെടുക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

സംസ്ഥാനത്തെ ആദ്യ വനിതാ രക്തസാക്ഷിയായാണ് ലതയെ കാണുന്നത്. മുഴുവന്‍ പ്രവര്‍ത്തകരോടും അനുഭാവികളോടും ചടങ്ങില്‍ പങ്കെടുക്കണമെന്ന് മാവോവാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റിലാണ് ലത നാടുകാണിവനത്തില്‍ ആനയുടെ ചവിട്ടേറ്റുമരിച്ചതായി മാവോവാദികള്‍ അറിയിച്ചത്. ലതയുടെ മരണകാരണത്തില്‍ പോലീസ് സംശയംപ്രകടിപ്പിക്കുന്നുണ്ട്.

സെപ്റ്റംബര്‍ ആറിന് ഒലവക്കോട് ചേര്‍ന്ന രഹസ്യയോഗത്തിലാണ് ലതയുടെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കാന്‍ മാവോവാദി - നക്‌സല്‍ബാരി നേതാക്കള്‍ തീരുമാനിച്ചത്. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് അടച്ചിട്ടമുറിയില്‍ കൂടിയാലോചനായോഗം നടത്തിയത്.

മലമ്പുഴയ്ക്കു പുറമെ എറണാകുളം, മാനന്തവാടി എന്നിവിടങ്ങളിലും അനുസ്മരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാവോവാദികളുടെ തുടര്‍നീക്കങ്ങള്‍ മനസ്സിലാക്കാനും ചടങ്ങില്‍ പങ്കെടുക്കുന്നവരെ തിരിച്ചറിയാനും പോലീസ് ജാഗ്രതയിലാണ്.