ആലപ്പുഴ: അന്തരിച്ച മുൻ ഗതാഗതമന്ത്രിയും കുട്ടനാട് എം.എൽ.എ.യുമായ തോമസ് ചാണ്ടിയുടെ ഭൗതികദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ. തിങ്കളാഴ്ച വൈകീട്ട് 4.30-ന് ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് മൃതദേഹം പൊതുദർശനത്തിന്‌ വെച്ചത്.

കെ.എസ്.ആർ.ടി.സി.യുടെ ശീതീകരിച്ച വാഹനത്തിൽ എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുവന്ന മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ നിരവധിപേർ കാത്തുനിന്നിരുന്നു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ, മാണി സി.കാപ്പൻ എം.എൽ.എ. തുടങ്ങിയവർ വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു.

മൃതദേഹത്തിൽ മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ, കെ.ടി.ജലീൽ, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനും ചീഫ് സെക്രട്ടറിക്കും ജില്ലാ ഭരണകൂടത്തിനുംവേണ്ടി കളക്ടർ എം.അഞ്ജന പുഷ്പചക്രം അർപ്പിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ, മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ എന്നിവർക്കുവേണ്ടിയും പുഷ്പചക്രം അർപ്പിച്ചു.

ചീഫ് വിപ്പ് കെ.രാജൻ, എ.എം.ആരിഫ് എം.പി., എം.എൽ.എ.മാരായ ഷാനിമോൾ ഉസ്മാൻ, എ.എൻ.ഷംസീർ, എസ്.ശർമ, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ്, സംസ്ഥാന സമിതിയംഗം നസീർ പുന്നയ്ക്കൽ, കേരള കോൺഗ്രസ് (ജോസ് പക്ഷം) സംസ്ഥാന സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ജെ.എസ്.എസ്. സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ, ആർ.എസ്.പി. (ബോൾഷെവിക്) ജനറൽ സെക്രട്ടറി എ.വി.താമരാക്ഷൻ, കെ.എസ്.എഫ്.ഇ. ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.

തുടർന്ന് കുട്ടനാട്ടിലെ കുടുംബവീട്ടിൽ എത്തിച്ച മൃതദേഹത്തിൽ മന്ത്രി എ.കെ.ബാലൻ, ഉമ്മൻചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി., എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ, എം.എൽ.എ.മാരായ ചിറ്റയം ഗോപകുമാർ, കോവൂർ കുഞ്ഞുമോൻ, ഇ.എസ്.ബിജിമോൾ, കെ.സി.ജോസഫ്, അനൂപ് ജേക്കബ്, സി.പി.ഐ.നേതാവ് പന്ന്യൻ രവീന്ദ്രൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേന്നങ്കരി സെയ്ന്റ് പോൾസ് മാർത്തോമ്മ പള്ളിയിലെ കുടുംബ കല്ലറയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവാർ തുടങ്ങിയവർ പങ്കെടുക്കും.

Content Highights; last respect to thomas chandy mla, thomas chandy funeral function