എടപ്പാൾ: ഭൂനികുതിയടച്ചാൽ നികുതിരസീത്‌ ഇനി സ്വന്തം മൊബൈൽഫോണിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിനായി നികുതിയടയ്ക്കുന്നതോടൊപ്പം മൊബൈൽനമ്പർകൂടി നൽകിയാൽമതി. മൂന്നുതവണ മാത്രമേ രസീത്‌ പ്രിന്റെടുക്കാനാകൂവെന്നുമാത്രം.

വില്ലേജ് ഓഫീസുകളിൽ ഇ-പേയ്‌മെന്റ് വഴി നികുതിയടയ്ക്കുന്നവർക്കായി റെലിസ് സോഫ്റ്റ്‌വേർ ചുമതലക്കാരായ പാലക്കാട് നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി.)ആണ് ഈ സംവിധാനമൊരുക്കിയത്.

ഇ-രസീത്‌ നൽകുന്നതിന് പലപ്പോഴും വില്ലേജുകളിൽ പ്രിന്ററും ടോണറുമില്ലാത്തതെല്ലാം തടസ്സമാകാറുണ്ട്. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം.

നികുതിയടയ്ക്കുന്നതോടൊപ്പം നൽകുന്ന നമ്പറിൽ ഉടൻതന്നെ ഒരു ലിങ്ക് വരും. ഈ ലിങ്ക് ഡൗൺലോഡ് ചെയ്താൽ നമ്മുടെ നികുതിരസീത്‌ കാണാനാകും. അതിന്റെ പ്രിന്റെടുത്താൽ ആവശ്യങ്ങൾക്കുപയോഗിക്കാം. രസീതിലെ ക്യൂ.ആർ.കോഡ് സ്കാൻചെയ്താൽ ഏത്‌ വകുപ്പുകൾക്കും ഇതിന്റെ ആധികാരികത ബോധ്യപ്പെടും.

റെലിസ് സോഫ്റ്റ്‌വേറിൽ കയറിയും ഇത്‌ പരിശോധിക്കാം. ഭൂമി കൈമാറ്റം ചെയ്തോയെന്ന്‌ ഇതുപയോഗിച്ച് പരിശോധിക്കാനാകും. മാത്രമല്ല പരമ്പരാഗത നികുതിരസീതുകൊണ്ട് ഇത്‌ സാധ്യവുമല്ല.

ഒരിക്കൽ അടച്ചാൽ അടുത്ത കൊല്ലംവരെ ഭൂമിവിറ്റാലും അതുപയോഗിച്ച് പലതും ചെയ്യാനാകും. കോടതികളിൽ ജാമ്യത്തിനുവരെ വിറ്റ ഭൂമിയുടെ നികുതി രസീതുകൾ ചിലർ ഉപയോഗിക്കുന്നുണ്ട്.