കൊച്ചി: ലക്ഷദ്വീപിൽ പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാവാതെ ബി.ജെ.പി. നേതൃത്വം. സംസ്ഥാന ഭാരവാഹികളടക്കം ഇതുവരെ 24 പേരാണ് പ്രാഥമിക അംഗത്വത്തിൽനിന്നു രാജിവെച്ചത്. ഇനിയും ഒട്ടേറെപ്പേർ വരുംദിവസങ്ങളിൽ രാജിവെക്കുമെന്ന് ലക്ഷദ്വീപ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

ദ്വീപിൽ വേരൂന്നാനുള്ള ബി.ജെ.പി. ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്കാരങ്ങളിലൂടെ ഉണ്ടായത്. ദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിക്കുമ്പോൾ മറുവശത്ത് പ്രതിഷേധങ്ങൾക്കു നേതൃത്വംനൽകുന്ന ‘സേവ് ലക്ഷദ്വീപ് ഫോറ’ത്തിൽ ബി.ജെ.പി.യും പങ്കാളിയാണെന്നതാണ് കൗതുകം. ‘ജൈവായുധ’ പ്രയോഗത്തിൽ ആയിഷ സുൽത്താനയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെയാണ് ബി.ജെ.പി.യിൽ പൊട്ടിത്തെറിയുണ്ടായത്. രാജിവെയ്ക്കുന്നവരുടെ എണ്ണം കൂടിയതും ഇതിനുശേഷമാണ്.

ഞായറാഴ്ച രണ്ടുപേർകൂടി പ്രാഥമിക അംഗത്വത്തിൽനിന്നു രാജിവെച്ചു. അഗത്തി വൈസ് പ്രസിഡന്റ് പി.സി. ബദറുദ്ദീൻ, മുൻ പ്രസിഡന്റ് മുഹമ്മദലി എല്ല എന്നിവരാണ് ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റിന് രാജി നൽകിയത്. കഴിഞ്ഞദിവസം ബി.ജെ.പി. ലോക്‌സഭാ സ്ഥാനാർഥിയും സെക്രട്ടറിയുമായിരുന്ന എം.പി. സയ്യദ് മുഹമ്മദ് കോയയടക്കം മൂന്നുപേർ രാജിവെച്ചതിനു പിന്നാലെയാണിത്.

12 പേരാണ് ചേത്തലത്തിൽനിന്നു രാജിവെച്ചത്. ദ്വീപ് പ്രശ്നത്തിന്റെ തുടക്കത്തിൽ ഏഴുപേർ രാജി നൽകിയിരുന്നു.