കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങൾക്ക് ’വൃത്തിയിൽ’ കുരുക്കിട്ട് ഭരണകൂടം. കലാസിലുറങ്ങിയ പഴയ നിയമങ്ങൾ പൊടിതട്ടിയെടുത്ത് വലിയ പിഴയോടെ പുതിയ ഉത്തരവായി ഇറക്കി. ഇതുപ്രകാരം തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതു ഇടങ്ങളിലോ കാണരുത്.

പ്രകൃതിക്ക് കോട്ടംവരാത്തരീതിയിൽ ഭൂവുടമ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം. താമസിക്കുന്ന വീടിന്റെ 25 മീറ്റർ ചുറ്റളവിൽ ഒരുതരത്തിലുമുള്ള മാലിന്യവും കാണരുത്. കണ്ടാൽ വലിയ പിഴയടക്കേണ്ടി വരും. ഈ രീതിയിലുള്ള നിയമങ്ങളും പിഴകളുമായി ലോക പരിസ്ഥിതി ദിനത്തിലാണ് ജനങ്ങളെ വെട്ടിലാക്കുന്ന പുതിയ ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്.

’ലക്ഷദ്വീപ് ഖരമാലിന്യ സംസ്കരണ നിയമം 2018’ -ന്റെ ചുവടുപിടിച്ചാണ് പുതിയ ഉത്തരവ്. ‘കോവിഡ് വ്യാപനത്തിനിടയാക്കും’ എന്ന മുഖവുരയോടെയാണ് മാലിന്യകേന്ദ്രങ്ങളിലല്ലാതെ മറ്റെവിടേയും ‘മാലിന്യം’ തള്ളരുതെന്ന ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, മാലിന്യ സംസ്കരണത്തിന് ദ്വീപിൽ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല.

തേങ്ങയും ചിരട്ടയുമൊക്കെ പുറത്തിട്ടാൽ ഇനിമുതൽ 200 രൂപയായിരിക്കും പിഴ. ഇതേ രീതിയിൽ ഓരോന്നിനും 500, 1,000 മുതൽ 5,000 രൂപ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

റോഡരികുകളിലോ ബീച്ചുകളിലോ മറ്റ് തുറന്നയിടങ്ങളിലോ മാലിന്യം കത്തിക്കുന്നതും വിലക്കി. പരിപാടികളുടെ സംഘാടകർ 24 മണിക്കൂറിനുള്ളിൽ അവിടത്തെ മാലിന്യം നീക്കംചെയ്ത് വൃത്തിയാക്കണം. പ്രത്യേക ബാഗിലാക്കിയും മാലിന്യം പുറത്തേക്ക് പോകാത്തതരത്തിൽ രൂപകൽപ്പന ചെയ്ത വാഹനങ്ങളിലുമല്ലാതെ മറ്റൊരു രീതിയിലും മാലിന്യം ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും പാടില്ല.

മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ, മീൻതല, കോഴിത്തൂവൽ, മനുഷ്യന്റെ മുടി എന്നിവ തീരദേശത്തോ ലഗൂണിലോ പൊതു ഇടങ്ങളിലോ ഇടുന്നത് വിലക്കി.

പരിസ്ഥിതി വകുപ്പിന് കീഴിലുണ്ടായിരുന്ന അധികാരം പഞ്ചായത്തിലേക്ക് കൈമാറിയെങ്കിലും മാലിന്യ നിർമാർജനത്തിനായി ഏജൻസികളെ കണ്ടെത്തണം എന്ന നിബന്ധനയാണ് വെച്ചിരിക്കുന്നത്. മാലിന്യ നിർമാർജനത്തിനെന്ന പേരിൽ ദ്വീപിന് പുറത്തുനിന്ന് കോർപ്പറേറ്റ് ഏജൻസിയെ കൊണ്ടുവരാനുള്ള ശ്രമമാണിതെന്ന് കരുതുന്നതായി ലക്ഷദ്വീപിലെ പൊതുപ്രവർത്തകർ പറഞ്ഞു.