കൊച്ചി: ആറുമാസത്തിലേറെയായി തുടരുന്ന ലക്ഷദ്വീപ് പ്രശ്നങ്ങളിൽ മഞ്ഞുരുക്കത്തിന്റെ സൂചന. ദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തള്ളി ബി.ജെ.പി. കേന്ദ്രനേതൃത്വം രംഗത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞേക്കും. മുതിർന്ന ബി.ജെ.പി. നേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ സന്ദർശനം നൽകുന്ന സന്ദേശമിതാണ്.

‘ദ്വീപുകാരുടെ ദേശസ്നേഹത്തെ ആർക്കും ചോദ്യംചെയ്യാനാകില്ല’ എന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ വേദിയിലിരിത്തി രാജ്‌നാഥ് സിങ് പറഞ്ഞത് ഭരണകൂടത്തിനുള്ള കേന്ദ്രത്തിന്റെ സന്ദേശമായാണ് കരുതുന്നത്. ഗാന്ധിജയന്തിദിന ചടങ്ങുകളിൽ ലക്ഷദ്വീപ് എം.പി.യെ പങ്കെടുപ്പിക്കാതിരിക്കാനുള്ള ഭരണകൂടനീക്കത്തെ രാജ്‌നാഥ് സിങ് തിരുത്തുകയും ചെയ്തു.

ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണപരിഷ്‌കാരങ്ങളെ തുടർന്ന് ദ്വീപ് ജനത ആറുമാസത്തോളമായി ഭരണകൂടവുമായി നിസ്സഹകരണത്തിലാണ്. ഇതിനിടെയാണ് കവരത്തിയിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കാൻ ഭരണകൂടം തീരുമാനിച്ചത്. ആഘോഷത്തിന്റെ ഭാഗമായി ഗാന്ധിപ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതും ദ്വീപുകാരെ സമ്മർദത്തിലാക്കി ചടങ്ങിൽ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.

ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് പ്രതിരോധമന്ത്രിയെത്തന്നെ അയക്കാനുള്ള കേന്ദ്രതീരുമാനത്തിനു പിന്നിൽ ദ്വീപ് ജനതയുടെ വിശ്വാസം ആർജിക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ, ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസലിനെ ദ്വീപ് ഭരണകൂടം ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതോടെ സ്ഥിതിഗതികൾ മാറി.

സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സേവ് ലക്ഷദ്വീപ് ഫോറം (എസ്.എൽ.എഫ്.) ഗാന്ധിജയന്തി പ്രത്യേകം ആഘോഷിക്കാൻ നിർദേശം നൽകി. ഇതോടെ ഭരണകൂട ആഘോഷത്തിൽനിന്നു ദ്വീപുകാർ വിട്ടുനിൽക്കുമെന്ന സ്ഥിതി വന്നു. ഒടുവിൽ രാജ്‌നാഥ് സിങ് നേരിട്ട് എം.പി. മുഹമ്മദ് ഫൈസലിനെ ബന്ധപ്പെട്ട് പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ചടങ്ങിൽ എം.പി.യെ പ്രസംഗത്തിനു ക്ഷണിക്കാൻ പ്രഫുൽ പട്ടേലിനോട് പ്രതിരോധമന്ത്രി തന്നെ നിർദേശിച്ചു. ദ്വീപ് ജനതയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായി പ്രസംഗത്തിൽ ഫൈസൽ ഉന്നയിച്ചത് പ്രഫുൽ പട്ടേലിനെ ലക്ഷ്യമിട്ടായിരുന്നു. എസ്.എൽ.എഫ്. നിർദേശപ്രകാരം വൻജനാവലിയാണ് ഗാന്ധിജയന്തി ദിനാഘോഷത്തിനെത്തിയത്. ചടങ്ങിനുശേഷം രാജ്‌നാഥ് സിങ്ങും എം.പി.യുമായി പ്രത്യേകം ചർച്ചയും നടത്തി.

Content Highlights: Lakshadweep administration Union Minister Rajnath Singh