കൊച്ചി: ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ പരിധിയിൽനിന്നു കർണാടക ഹൈക്കോടതിയുടെ പരിധിയിലേക്കു മാറ്റാനായി ശ്രമമെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് ലക്ഷദ്വീപ് കളക്ടർ എസ്. അസ്‌കർ അലി. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസർക്കാരിന് ശുപാർശക്കത്ത് നൽകിയേക്കുമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ, ഇത്തരമൊരു ശുപാർശയോ നിർദേശമോ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കളക്ടർ ‘മാതൃഭൂമി’യോടു പറഞ്ഞു.

പ്രഫുൽ പട്ടേൽ അധികാരമേറ്റയുടൻതന്നെ ഇത്തരമൊരു നീക്കമുണ്ടായിരുന്നതായി ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇത്തരമൊരു നീക്കമുണ്ടായാൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് പരിധിമാറ്റം സബന്ധിച്ച തീരുമാനമെടുത്തതെന്നായിരുന്നു റിപ്പോർട്ട്. ഈവർഷം മാത്രം 11 റിട്ട് ഹർജികൾ ഉൾപ്പെടെ 23 കേസാണ് ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ കേരള ഹൈക്കോടതിയിൽ വന്നത്. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ പരിഷ്കാരങ്ങളും കോവിഡ് സംബന്ധിയായ കേസുകളും ഇതിലുൾപ്പെടുന്നു.