കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള കോൺഗ്രസ് എം.പി.മാരുടെ നീക്കത്തിന് വീണ്ടും തിരിച്ചടി. ക്രമസമാധാനപ്രശ്നമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി ദ്വീപ് ഭരണകൂടം യാത്രാനുമതി നിഷേധിച്ചു.

എം.പി.മാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ലീഗൽ അഡ്വൈസർ അഡ്വ. രഖേഷ് ശർമ എന്നിവർക്കാണ് അനുമതി നിഷേധിച്ചത്. ഇത് രണ്ടാംതവണയാണ് ഇവർക്ക് അനുമതി നിഷേധിക്കുന്നത്. ഇതിൽ പ്രതിഷേധവുമായി എം.പി.മാർ രംഗത്തെത്തി.

‘അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളെത്തുടർന്ന് ദ്വീപുകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻവേണ്ടി’ എന്നാണ് സന്ദർശന കാരണം ചൂണ്ടിക്കാട്ടിയത്. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും ദ്വീപിലെ ക്രമസമാധാനം തകർക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.

കളക്ടറുടെ നടപടിക്കെതിരേ അപ്പീൽ നൽകുമെന്ന് എം.പി.മാർ വ്യക്തമാക്കി.

കഴിഞ്ഞമാസം ദ്വീപ് യാത്രയ്ക്ക് എം.പി.മാർ അനുമതി തേടിയെങ്കിലും ക്വാറന്റീൻപ്രശ്നം ചൂണ്ടിക്കാട്ടി അനുവദിച്ചിരുന്നില്ല. ക്വാറന്റീൻ പാലിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും അനുമതി നൽകിയില്ല. ഇതിനെതിരേ എം.പി.മാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞദിവസം ഹർജി പരിഗണനയ്ക്കുവന്നപ്പോൾ സന്ദർശനാനുമതി നിഷേധിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യം പരിഗണിച്ച് യാത്ര മാറ്റിവെക്കാൻ ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന്, അപേക്ഷയിൽ പത്തുദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

തുടർന്ന്, ചിലരേഖകൾ കൂടുതലായി സമർപ്പിക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ആവശ്യപ്പെട്ടു. അങ്ങനെ നൽകിയ അപേക്ഷകളാണ് തള്ളിയത്.

content highlights: lakshadweep administration bans congress mp's visit