കൊച്ചി: ജൈവായുധ പരാമർശത്തിന്റെപേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കവരത്തി പോലീസ് എടുത്ത കേസിൽ ആയിഷ സുൽത്താന അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിഷ ഫയൽചെയ്ത ഹർജിയെ എതിർത്തുനൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

കേസ് രജിസ്റ്റർചെയ്തതിനു പിന്നാലെ ആയിഷ മൊബൈൽ സന്ദേശങ്ങൾ പലതും മായ്ച്ചുകളഞ്ഞു. പോലീസ് ആവശ്യപ്പെട്ട രേഖകൾ കൈമാറാനും തയ്യാറായില്ല. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ജൈവായുധ പരാമർശം നടത്തിയ ചാനൽചർച്ചയിൽ ആയിഷ മൊബൈൽ ഫോൺ നോക്കിവായിക്കുന്നതു കാണാം. ചാനൽ ചർച്ചയ്ക്കിടെ ആരുമായോ അവർ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ആയിഷയുടെ സാമ്പത്തിക ഇടപാടും സുതാര്യമല്ല. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമാണ്.

ആയിഷ തെറ്റായ ആരോപണം പോലീസിനെതിരേ ഉന്നയിക്കുകയാണ്. കേസിൽ ശരിയായ അന്വേഷണം നടത്തുന്നത് തടയാനാണിത്. ചാനലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

കേസിൽ ആയിഷയ്ക്ക് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.