കൊച്ചി: ഔദ്യോഗികസന്ദർശനം വെട്ടിച്ചുരുക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽപട്ടേൽ ദ്വീപിൽനിന്നു മടങ്ങി. അടിയന്തരമായി എത്താൻ കേന്ദ്രത്തിൽനിന്നു നിർദേശം ലഭിച്ചതായാണു സൂചന. അതിനിടെ, രാജ്യദ്രോഹക്കേസിൽ ജാമ്യമെടുക്കാൻ ആയിഷ സുൽത്താന കൊച്ചിയിൽനിന്നു വിമാനത്തിൽ വെള്ളിയാഴ്ച കവരത്തിയിലെത്തി. ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി ലക്ഷദ്വീപ് പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.

ഔദ്യോഗിക സന്ദർശന പരിപാടിയിൽനിന്നു രണ്ടുദിവസം ‌ഒഴിവാക്കിയാണ് പ്രഫുൽപട്ടേൽ മടങ്ങിയത്. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനത്തിൽ ദാമൻ ആൻഡ് ദിയുവിലേക്കാണു പോയത്. അവിടെനിന്നു ഡൽഹിയിലേക്കു പോകുമെന്നാണ് സൂചന. ശക്തമായ സുരക്ഷയിലാണ് പ്രഫുൽപട്ടേൽ മടങ്ങിയത്.

‘ജൈവായുധ പ്രയോഗം’ എന്ന വാക്ക് ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചതിനാണ് ആയിഷ സുൽത്താനയ്ക്കെതിരേ കവരത്തി പോലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്. ചോദ്യംചെയ്യലിന് കവരത്തി പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ഹാജരാകണമെന്ന് ആയിഷയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. കൊച്ചിയിൽനിന്ന് അഭിഭാഷകനെ കൂട്ടിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിഷ ദ്വീപിലെത്തിയത്. ഹൈക്കോടതി നിർദേശമുള്ളതിനാൽ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ആയിഷ പറഞ്ഞു.

അതിനിടെ, ലക്ഷദ്വീപ് ബി.ജെ.പി. ഓഫീസിനു നേരെ കരിഓയിൽ പ്രയോഗമുണ്ടായ സംഭവത്തിൽ കവരത്തി പോലീസ് അന്വേഷണം തുടങ്ങി. ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഹോർഡിങ്ങിലും കരിഓയിൽ ഒഴിച്ചു. വെള്ളിയാഴ്ച രാത്രി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനപ്രകാരം പാത്രം കൊട്ടലും വിളക്കണയ്ക്കലും നടന്ന സമയത്താണ് സംഭവമുണ്ടായതെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

കനത്ത പോലീസ് കാവലുള്ള കവരത്തിയിൽ ഇത്തരമൊരു സംഭവം ബി.ജെ.പി.യുടെ അറിവോടെയേ നടക്കൂ എന്ന് ദ്വീപിലെ മറ്റു രാഷ്ട്രീയകക്ഷികളും ആരോപിക്കുന്നു.

മെഡിക്കൽ ഡയറക്ടറെ നീക്കി

ലക്ഷദ്വീപിൽ മെഡിക്കൽ ഡയറക്ടറായിരുന്ന ഡോ. എം.കെ. സൗദാബിയെ നീക്കി. ആരോഗ്യവകുപ്പിലെ താത്കാലികക്കാരെ പിരിച്ചുവിടണമെന്ന അഡ്മിനിസ്‌ട്രേറ്ററുടെ നിർദേശത്തോടു യോജിക്കാതിരുന്നതാണു കാരണം. ആന്ത്രോത്ത് ദ്വീപിലെ മെഡിക്കൽ ഓഫീസറായി ഇവരെ തരംതാഴ്ത്തി. പകരം ആന്ത്രോത്തിലെ മെഡിക്കൽ ഓഫീസർ ഡോ. എം.പി. ബഷീറിനെ മെഡിക്കൽ ഡയറക്ടറാക്കി.