രുവനന്തപുരം: ലക്ഷദ്വീപിലെ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇന്ത്യക്കാരനടക്കം നാലുപേരെ കാണാതായി. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിയാണ്. സിങ്കപ്പൂരില്‍നിന്ന് രാസവസ്തുക്കളുമായി സൂയസ് കനാലിലേക്കുപോയ ഹോളണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'മര്‍സക്ക് ലൈന്‍' എന്ന കപ്പലിനാണ് തീപിടിച്ചത്.

തായ്‌ലാന്‍ഡ് സ്വദേശിയെയാണ് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കപ്പലിലുണ്ടായിരുന്ന 23 പേരെ തീരരക്ഷാസേനയും അതുവഴി കടന്നുപോയ വിവിധ ചരക്കുകപ്പലുകളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇതില്‍ പരിക്കേറ്റ മൂന്നുപേരെ തീരരക്ഷാസേന വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. മറ്റുള്ളവരെ വെള്ളിയാഴ്ച രാവിലെ കൊച്ചി തുറമുഖത്തെത്തിക്കും. ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 27 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

തിരുവനന്തപുരം അമ്പലത്തറ സ്വദേശി ദീപു ജയന്‍ (31), സെക്കന്‍ഡ് ഓഫീസര്‍ ഫിലിപ്പീന്‍സ് സ്വദേശി അലന്‍ റേയ് (34), തായ്‌ലാന്‍ഡ് സ്വദേശി ഫോര്‍മാന്‍ സുകുന്‍ സുവന്ന പെങ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കപ്പലിലെ വിഷവാതകം ശ്വസിച്ചതിനാലുള്ള ബുദ്ധിമുട്ടാണ് ഇവര്‍ക്കുള്ളതെന്ന് മെഡിക്കല്‍ കോളേജ് ആസ്​പത്രി അധികൃതര്‍ അറിയിച്ചു. രണ്ടുപേര്‍ക്ക് നേരിയ പൊള്ളലേറ്റിട്ടുണ്ട്.

അഗത്തിയില്‍നിന്ന് 390 നോട്ടിക്കല്‍ മൈല്‍ അകലെ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം. 330 മീറ്റര്‍ നീളമുള്ള കപ്പലിന്റെ മുന്‍ഭാഗത്താണ് ആദ്യം തീപ്പിടിത്തമുണ്ടായതെന്ന് രക്ഷപ്പെട്ട ദീപു ജയന്‍ പറഞ്ഞു. ആദ്യം പൊട്ടിത്തെറിശബ്ദം കേട്ടു. പുക കാരണം പിന്നെ ഒന്നുംകാണാനായില്ല. മുന്‍ഭാഗത്തുനിന്ന് തീ, കപ്പല്‍ നിയന്ത്രിക്കുന്ന ഭാഗമായ ബ്രിഡ്ജിലേക്ക് പടര്‍ന്നു. രാസവസ്തുക്കളായതിനാല്‍ തീ പെട്ടെന്ന് ആളിപ്പടര്‍ന്നു.

തീപ്പിടിത്തത്തില്‍ കണ്ടെയ്‌നറുകള്‍ ഉരുകിപ്പോയി. അപകടം നടന്നയുടന്‍ കപ്പല്‍ അധികൃതര്‍ മുംബൈയിലെ തീരരക്ഷാസേനാ ആസ്ഥാനത്തേക്ക് വിവരം നല്‍കി. അവിടെനിന്ന് വിഴിഞ്ഞത്തെ തീരരക്ഷാവിഭാഗത്തിനും മറ്റുകപ്പലുകള്‍ക്കും വിവരം കൈമാറി.

തീരരക്ഷാസേനയുടെ 'ഷൂര്‍' എന്ന കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പാങ്ങോട് സൈനികക്യാമ്പില്‍നിന്നുള്ള മെഡിക്കല്‍സംഘവും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.