കാളികാവ്: ജലീലിലൂടെ മാവോവാദികൾക്ക് നഷ്ടപ്പെട്ടത് മികച്ച ആസൂത്രകനെ. സംസ്ഥാനത്ത് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള നാടുകാണി, കബനി ദളങ്ങളുടെ ആസൂത്രകനാണ് ഇയാൾ.
2016-ൽ കരുളായി വനമേഖലയിലെ വരയൻമലയിലുണ്ടായ ഏറ്റുമുട്ടലിൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മാവോവാദി പ്രസ്ഥാനത്തിന്റെ വിശ്വസ്ത കാവൽക്കാരനായിരുന്നു. കുപ്പു ദേവരാജും അജിതയും വെടിയേറ്റ് മരിച്ച സംഭവത്തിൽ ജലീലിനും വെടിയേറ്റതായി പ്രചരിച്ചിരുന്നു. മൃതദേഹം പോലീസ് ഒളിപ്പിച്ചെന്നും ആരോപണമുയർന്നു.
സംഘടനാ പ്രവർത്തകർക്കുവേണ്ട സാധനങ്ങൾ എത്തിക്കുകയും നാട്ടിലെ വിവരങ്ങൾ അറിയിക്കുകയെന്ന ഉത്തരവാദിത്വവുമാണ് ജലീലിനുണ്ടായിരുന്നത്. വയനാട്, നിലമ്പൂർ മേഖലകളിൽ ജലീലിന്റെ സാന്നിധ്യം പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് കാളികാവ്, പാണ്ടിക്കാട്, എടക്കര മേഖലകളിൽ കണ്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
തോട്ടം ഉടമകളിൽനിന്ന് ലെവി പിരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ജലീലാണ് നേതൃത്വം നൽകിയിരുന്നതെന്നാണ് അധികൃതരുടെ നിഗമനം. വരയൻമല ഏറ്റുമുട്ടലിനുശേഷം കബനി, നാടുകാണി ദളങ്ങളുടെ പ്രവർത്തനം പുനഃസംഘടിപ്പിക്കുന്നതിൽ നിർണായകപങ്ക് ഇയാൾക്കായിരുന്നു.
content highlights: lakkidi maoist encounter, cp JALEEL