കല്പറ്റ/തിരുവനന്തപുരം: ലക്കിടിയിൽ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിലേക്ക് പോലീസിനെ എത്തിച്ചത് ഇവരെ ചെറുക്കാൻ തയ്യാറാക്കിയ ‘ഒാപ്പറേഷൻ അനക്കൊണ്ട’ പദ്ധതി. 2018 ഡിസംബർ മുതൽ വയനാട്, കോഴിക്കോട് റൂറൽ, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് പോലീസ് ഈ പേരിൽ തിരച്ചിൽ ഊർജിതമാക്കിയത്. രഹസ്യാന്വേഷണ വിഭാഗങ്ങൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാവോവാദികൾക്കെതിരായ നീക്കത്തിന് കർമപദ്ധതി തയ്യാറാക്കിയത്.
തണ്ടർ ബോൾട്ട്, ആൻറി നക്സൽ സ്ക്വാഡ്, പ്രാദേശിക പോലീസ് എന്നിവയുടെ പങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. മാവോവാദികളുടെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നതുവരെ നടപടി തുടരാനാണ് പോലീസ് തീരുമാനം.
മാവോവാദികളിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നേരിടുന്ന ബുദ്ധിമുട്ടുകൾ വിവരിച്ച് നാട്ടുകാരും തൊഴിലാളികളും കച്ചവടക്കാരും സർക്കാരിനും പോലീസിനും പരാതികൾ നൽകിയിരുന്നതായി പോലീസ് പറയുന്നു. അർധരാത്രി വീടുകളിൽ മുട്ടിവിളിച്ച് ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും ചോദിച്ചുവാങ്ങുന്നതും പതിവായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മറ്റും കടന്നുകയറി പണംപിരിക്കുന്ന പ്രവണതയും ദേശവിരുദ്ധ പരാമർശങ്ങളടങ്ങിയ പോസ്റ്ററുകൾ പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടു. ഈ സാഹചര്യത്തിൽ ഇവരുടെ നീക്കങ്ങൾ ശക്തമായി നിരീക്ഷിച്ചുവരുകയായിരുന്നുവെന്ന് ബെഹ്റ വ്യക്തമാക്കി.
content highlights: lakkidi maoist encounter