കോട്ടയം: ഒക്ടോബർ പകുതിക്കുശേഷം റബ്ബർ വിലയിലുണ്ടായ ഉണർവ് തുടരുന്നു. ചൊവ്വാഴ്ച ആർ.എസ്.എസ്. നാലിന് 129.50 രൂപയായിരുന്നു കോട്ടയത്തെ വില. ടാപ്പിങ്ങിലുണ്ടായ കുറവുമൂലം ചരക്ക് കുറഞ്ഞതാണ് വിലവർധനയ്ക്കുകാരണം. അന്താരാഷ്ട്ര വിലയും ഉയരുന്നുണ്ട്.

എങ്ങനെ മാറാം

അന്താരാഷ്ട്ര വില ഉയരുന്നത് കൃഷിക്കാർക്ക് നല്ലതെന്നാണു വിലയിരുത്തൽ. പക്ഷേ, പ്രാദേശിക ഉത്പാദനം കുറഞ്ഞാൽ കന്പനികൾ ഇറക്കുമതിക്കു പോയേക്കാം. നിലവിൽ ടാപ്പിങ് നടത്തി വിലയിലെ ഗുണം പ്രയോജനപ്പെടുത്തണമെന്ന് റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ബിജു പി. തോമസ് പറയുന്നു.

ഇറക്കവും കയറ്റവും

ജൂൺ 15-ന് കിലോഗ്രാമിന് 153 രൂപ വരെ എത്തിയ വില പിന്നീട് ഇടിഞ്ഞു. ഒക്ടോബർ 12-ന് 119 ആയി സീസണിലെ മോശംവില രേഖപ്പെടുത്തി. 19 മുതൽ വിപണി കയറ്റം കാണിച്ചു. 122 രൂപയായി ഒക്ടോബർ 19-ന് ഉയർന്നു.

അവിടെ രോഗം; ഇവിടെ ഗുണമാകുമോ?

പ്രധാന റബ്ബർ ഉത്പാദക രാജ്യങ്ങളായ ഇൻഡൊനീഷ്യ, മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ പൂപ്പൽ രോഗബാധകാരണം ഉത്പാദനം ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ഇവിടങ്ങളിൽനിന്നുള്ള കയറ്റുമതി കുറഞ്ഞു. ഈവർഷം ആറുമാസംമാത്രം 4.92 ലക്ഷം ടണ്ണിന്റെ കുറവാണ് ഇവിടെനിന്നുള്ള കയറ്റുമതിയിലുണ്ടായത്. അതോടെ അന്താരാഷ്ട്രവിലയിലും വർധനയുണ്ടായി. ഇന്ത്യയിൽ നിലവിൽ ഒരു കിലോ ക്രമ്പ് റബ്ബർ ഇറക്കുമതിചെയ്യാൻ 132 രൂപ വരും. ഇത് തദ്ദേശീയ വിലയോട് അടുത്തുനിൽക്കുന്നതാണ്.

Content Highlights: lack of stock, rubber price increasing