തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ 2 അന്തിമഘട്ടത്തിൽ പരാജയത്തിലേക്കു നീങ്ങിയതിനുകാരണം വഴികാട്ടി സോഫ്റ്റ്‌വേർ സംവിധാനത്തിൽ ഇന്റർലോക്കിങ് സംവിധാനമില്ലാതിരുന്നതാണെന്നു ശാസ്ത്രജ്ഞർ. അവസാനഘട്ടത്തിൽ ലാൻഡറിന്റെ വേഗം വർധിച്ചതനുസരിച്ച് സോഫ്റ്റ്‌വേർ സംവിധാനത്തിനു പ്രവർത്തനസജ്ജമാകാൻ കഴിയാത്തതാണു ലാൻഡർ ഇടിച്ചിറങ്ങുന്നതിനു വഴിവെച്ചത്.

ചന്ദ്രോപരിതലത്തിൽനിന്ന് 500 മീറ്റർ മുകളിൽെവച്ച് ഇന്ധനം ഓവർഫ്‌ളോ ആവുകയും അതനുസരിച്ച് പ്രവർത്തനം നിയന്ത്രിക്കാൻ കഴിയാതെവരികയും ചെയ്തു. ബെംഗളൂരുവിലെ യു.ആർ. റാവു ബഹിരാകാശകേന്ദ്രത്തിൽ വികസിപ്പിച്ചതായിരുന്നു വഴികാട്ടി സോഫ്റ്റ്‌വേർ. അതിൽ ലാൻഡറിന്റെ വേഗം വർധിക്കുകയോ കുറയുകയോ ചെയ്യുമ്പോൾ സോഫ്റ്റ്‌വേർതന്നെ അത് ശരിയായ ദിശയിലേക്കു മാറ്റുന്ന ഇന്റർലോക്കിങ് സംവിധാനമില്ലായിരുന്നുവെന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്.

അടുത്തവർഷം നവംബറിൽ മൂന്നാം ചന്ദ്രയാൻ ദൗത്യം സാധ്യമാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞൻ ഡോ. യു.പി. രാജീവിന്റെ നേതൃത്വത്തിലാകും പുതിയ സോഫ്റ്റ്‌വേർ തയ്യാറാക്കുക. മൂന്നാംദൗത്യത്തിന് വി.എസ്.എസ്.സി. ഡയറക്ടർ എസ്. സോമനാഥ് നേതൃത്വം വഹിക്കും.

ഇന്ധനം തുളുമ്പാതിരിക്കാനുളള (സ്ലോഷിങ്) സംവിധാനത്തിന്റെ മാതൃക പൂർത്തിയാക്കുന്നത് ഉൾപ്പെടെയുള്ളവ വി.എസ്.എസ്.സി.യിൽ നടക്കുന്നുണ്ട്. മൂന്നാം ചന്ദ്രയാൻ ദൗത്യത്തിൽ വി.എസ്.എസ്.സി.യും എൽ.പി.എസ്.സി.യുമാകും ചുക്കാൻപിടിക്കുകയെന്നും പ്രതീക്ഷിക്കുന്നു.

അടുത്ത പദ്ധതിയിലും ലാൻഡറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽത്തന്നെ ഇറക്കാനാണു തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്ററുമായി പുതിയ ലാൻഡറിനെ ബന്ധിപ്പിച്ചാകും സോഫ്റ്റ്‌ ലാൻഡിങ് നടത്തുക. അനുയോജ്യമായ സമയമാണെന്നതിനാൽ നവംബറിൽ ദൗത്യം നടത്താനാണ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്.

ദൗത്യത്തിനായി രൂപവത്കരിച്ച എസ്. സോമനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമതീരുമാനം.

Content Highlights: lack of software interlocking affected chandrayaan 2 mission