തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി നടന്നുവരുന്ന തൊഴിലാളിവിരുദ്ധനയങ്ങൾ തിരുത്തണമെന്ന് വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ ആഭിമുഖ്യത്തിൽ ‘ലേബർ റിലേഷൻസ് ഇൻ ഇന്ത്യ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

പകർച്ചവ്യാധി നിയന്ത്രണം കാരണം ഫാക്ടറികൾ പഴയതുപോലെ പ്രവർത്തിപ്പിക്കാനാവില്ല. ഈ സാഹചര്യത്തിൽ തൊഴിൽ നിയമങ്ങൾ മാറ്റണമെന്ന ആവശ്യം തുറന്നമനസ്സോടെ ചർച്ചചെയ്യാൻ തയ്യാറാണെന്ന് യൂണിയനുകൾ വ്യക്തമാക്കി. എന്നാൽ, ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കില്ല. കേന്ദ്രസർക്കാർ അടിയന്തരമായി ത്രികക്ഷി സമ്മേളനം വിളിച്ചുകൂട്ടണം. തൊഴിലാളികളും തൊഴിലുടമയും സർക്കാരും ചേർന്ന് ചർച്ചചെയ്തു മാത്രമേ ഈ വിഷയത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ പാടുള്ളൂവെന്ന് വെബിനാർ ആവശ്യപ്പെട്ടു.

ലോക്‌ഡൗണിൽ തൊഴിലാളിസമൂഹത്തിനു സാമൂഹിക, സാമ്പത്തിക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പകരം അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരും ചില സംസ്ഥാനങ്ങളും സ്വീകരിച്ചുവരുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ആരോപിച്ചു. കേരളം മാതൃകാപരമായ സമീപനമാണ് ഈ വിഷയത്തിൽ സ്വീകരിച്ചതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ നാല് ദശാബ്ദക്കാലത്തിനിടയിൽ തൊഴിലാളികളുടെ യഥാർഥ കൂലിയിൽ നാമമാത്രമായ വർധനവേ ഉണ്ടായിട്ടുള്ളൂവെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ പറഞ്ഞു. കൂലിയോ തൊഴിൽസമരങ്ങളോ അല്ല വ്യവസായ വളർച്ചയ്ക്കു തടസ്സമെന്ന് അദ്ദേഹം പറഞ്ഞു.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കെ.ജെ.ജോസഫ്, ഡോ. എ.വി.ജോസ് തുടങ്ങിയവർ നേതൃത്വം നൽകിയ വെബിനാറിൽ മുൻ മന്ത്രിമാരായ എളമരം കരിം, കെ.പി.രാജേന്ദ്രൻ, എഫ്.ഐ.സി.സി.ഐ. സെക്രട്ടറി ജനറൽ ദിലീപ് ചെനോയ്, ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ബി.എം.എസ്. നേതാവ് വി.രാധാകൃഷ്ണൻ, അദാനി ഗ്രൂപ്പ് വിഴിഞ്ഞം പോർട്ട് മാനേജിങ് ഡയറക്ടർ രാജേഷ് ജാ, പ്രൊഫ. അമിത് ബാധുരി, ഐ.എൽ.ഒ. പ്രതിനിധി ജെറി റോഡ്‌ജേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlight; Labour law : Trade Unions refuse to accept unilateral action