തിരുവനന്തപുരം: റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് എൽ.ഡി. ക്ലാർക്ക് ഒഴിവുകൾ വലിയ തോതിൽ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ റാങ്ക്പട്ടികയിലേതിനെക്കാൾ കൂടുതൽ നിയമനം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു.

കഴിഞ്ഞ പട്ടികയിൽനിന്ന് 14 ജില്ലകളിലായി 11,452 പേർക്കാണ് നിയമനശുപാർശ അയച്ചത്. ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്ക് അനുസരിച്ച് ഇപ്പോഴത്തെ റാങ്ക്പട്ടികയിൽനിന്നുള്ള ആകെ നിയമനശുപാർശ 11,835-ലെത്തി. നാലിന് രാത്രി 12 വരെ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്കും ഇതിൽ നിന്ന് നിയമനശുപാർശ അയക്കും. ആകെ നിയമനം 12,000-ത്തിനടുത്തെത്തുമെന്നാണ് കരുതുന്നത്. 29.28 ആണ് നിയമനത്തിന്റെ ശതമാനക്കണക്കെന്നും 10 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്നതാണെന്നും ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. അവസാന നാളുകളിൽ റിപ്പോർട്ടുചെയ്ത 1400 എൽ.ഡി. ക്ലാർക്ക് ഒഴിവുകളിൽ നിയമനശുപാർശ ഓണത്തിന് മുമ്പ് തയ്യാറാക്കും.

എന്നാൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ് റാങ്ക്പട്ടികയിൽ നിന്നുള്ള നിയമനശുപാർശകൾ കഴിഞ്ഞ തവണത്തെക്കാൾ കുറവാണ്. ബുധനാഴ്ച ഉച്ച വരെയുള്ള കണക്ക് അനുസരിച്ച് 8071 ആണ് ആകെ. കഴിഞ്ഞ പട്ടികയിൽ നിന്ന് 11,455 പേർക്ക് ശുപാർശ അയച്ചിരുന്നു. അവസാന നാളുകളിലായി ഇത്തവണ 981 ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. അതിലേക്കുള്ള നിയമനശുപാർശ ഉടൻ തയ്യാറാക്കും. സെക്രട്ടേറിയറ്റ്, പി.എസ്.സി. എന്നിവ ഉൾപ്പെടെ നാല് വകുപ്പുകളിലെ ഓഫീസ് അറ്റൻഡന്റ് തസ്തിക വേർപെടുത്തിയതുകൊണ്ടാണ് ഇത്തവണ ലാസ്റ്റ് ഗ്രേഡ് പട്ടികയിൽ നിന്ന് നിയമനം കുറഞ്ഞതെന്ന് ചെയർമാൻ വിശദീകരിച്ചു.

ഡ്രൈവർ റാങ്ക്പട്ടികയിലേക്ക് 215-ഉം അസിസ്റ്റന്റ് സെയിൽസ്മാന് 225-ഉം സ്റ്റാഫ് നഴ്‌സിന് 385-ഉം ഒഴിവുകൾ അവസാന ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ് റാങ്ക്പട്ടികയ്ക്ക് സെപ്റ്റംബർ 29 വരെ അധിക കാലാവധി അനുവദിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി പി.എസ്.സി ചട്ടങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമാണെന്ന് ചെയർമാൻ പറഞ്ഞു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ റാങ്ക്പട്ടിക നവംബർ ഒന്നിന് പ്രസിദ്ധീകരിക്കും. അഭിമുഖം സെപ്റ്റംബറിൽ പൂർത്തിയാക്കും. വിദേശങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കോവിഡ് കാരണം കുടുങ്ങിപ്പോയവരുടെ രേഖാപരിശോധന ഉദ്യോഗാർഥി ചുമതലപ്പെടുത്തുന്ന മറ്റൊരാളുടെ സാന്നിധ്യത്തിൽ നടത്തുന്നതിന് കമ്മിഷൻ തീരുമാനമായി.

2017-18 വർഷങ്ങളിലായി നിലവിൽ വന്ന 493 റാങ്ക്പട്ടികകൾ ബുധനാഴ്ച രാത്രി 12 മണിയോടെ റദ്ദായി.