കുറ്റിപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണംചെയ്യുന്ന സാമൂഹിക പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ച് നല്‍കുന്നതിന്റെ മുന്നോടിയായുള്ള വിവരശേഖരണം തുടങ്ങി. കുടുംബശ്രീ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ചമുതല്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയത്. 16നുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കും.

വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, കശുവണ്ടിത്തൊഴിലാളി ക്ഷേമപെന്‍ഷന്‍ എന്നിവയാണ് ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ച് നല്‍കുക.

ബാങ്ക് അക്കൗണ്ട്, മണിയോര്‍ഡര്‍ എന്നിവയില്‍ ഏത് രീതിയിലാണോ നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്, നേരിട്ട് വീട്ടില്‍ എത്തിച്ചുതരേണ്ടതുണ്ടോ, നോമിനിയായി ആരെയാണ് ചുമതലപ്പെടുത്തേണ്ടത്, വിലാസത്തില്‍ മാറ്റമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഗുണഭോക്താക്കളില്‍നിന്ന് ശേഖരിക്കുന്നത്.

വിവരശേഖരണത്തിനായി നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരുടെ പട്ടിക കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഓരോ വാര്‍ഡില്‍നിന്നും രണ്ടുപേരെയാണ് വിവരശേഖരണത്തിനായി കുടുംബശ്രീ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരുവീട്ടിലെത്തി വിവരശേഖരണത്തിന് അഞ്ചുരൂപ എന്ന നിരക്കില്‍ പ്രതിഫലം നല്‍കാനാണ് കുടുംബശ്രീ തീരുമാനിച്ചിട്ടുള്ളത്. പെന്‍ഷന്‍ നേരിട്ട് വീട്ടിലെത്തിക്കണമെന്നുള്ളവര്‍ക്ക് കുടുംബശ്രീവഴി എത്തിച്ചുനല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ബാങ്കുവഴിയോ മണിയോര്‍ഡറായോ തുക ലഭിക്കുന്നതില്‍ ഗുണഭോക്താവ് സംതൃപ്തനാണെങ്കില്‍ തത്സ്ഥിതി തുടരാനും അനുവദിച്ചേക്കും. ഒരാള്‍ക്ക് രണ്ടുതരത്തിലുള്ള ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ അത് വേണ്ടെന്നുവെച്ചിട്ടുണ്ട്. അതേസമയം, ഒരാള്‍ക്ക് ഒരുപെന്‍ഷന്‍ എന്ന നിര്‍ദേശത്തില്‍നിന്ന് വികലാംഗരെ ഒഴിവാക്കിയിട്ടുമുണ്ട്.