കുറ്റിപ്പുറം: വിഷമകരമായ സാഹചര്യത്തില്‍ ജീവിക്കുന്ന ആയിരം കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ഉദ്ദേശ്യം. ഒരു കുട്ടിക്ക് മാസം 2000 രൂപ ലഭിക്കും.

കേന്ദ്രഫണ്ടുപയോഗിച്ച് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പദ്ധതി നടപ്പാക്കുന്നത് ഇതാദ്യമാണ്. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് സഹായം ലഭിക്കും. കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് തുകയെത്തുക. മൂന്നുവര്‍ഷത്തേക്കാണ് സഹായധനം.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 72 വീതവും മറ്റുജില്ലകളില്‍ 71 വീതവും കുട്ടികളെയാണ് ഏറ്റെടുക്കുക. കുട്ടിയെ ഏതെങ്കിലും ശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിച്ചായിരിക്കും ഏറ്റെടുക്കുക. സ്വന്തം വീടുകളില്‍ വിഷമതകള്‍ അനുഭവിച്ച് വളരുന്നവരെയും ഏറ്റെടുക്കും.

ശിശുസംരക്ഷണ പദ്ധതി ഓഫീസറാണ് ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തേണ്ടത്. സാമൂഹികപ്രവര്‍ത്തകര്‍, വില്ലേജുതല ശിശുസംരക്ഷണസമിതി എന്നിവരുടെ സഹായം തേടാം. 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ആറുമാസം തുടര്‍ച്ചയായി ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെട്ട കുട്ടികളെയും പരിഗണിക്കും. സ്ഥാപനമേധാവിയാണ് ഇത്തരം കുട്ടികളെ കണ്ടെത്തേണ്ടത്.

അര്‍ഹരല്ലാത്തവര്‍

* കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും വിധത്തിലുള്ള സ്‌കോളര്‍ഷിപ്പോ മറ്റ് സഹായധനമോ തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്നവര്‍

* കുടുംബത്തിന്റെ വാര്‍ഷിക വരുമാനം നഗരപ്രദേശങ്ങളില്‍ 30,000 രൂപയ്ക്ക് മുകളിലുള്ളവര്‍. ഗ്രാമപ്രദേശങ്ങളില്‍ ഇത് 24,000

* ധനസഹായം ലഭിച്ചതിനുശേഷം കുട്ടി സ്‌കൂളില്‍ ഹാജരാകുന്നില്ലെങ്കില്‍