കുറ്റിപ്പുറം: മറ്റുഭൂമിയില്ലാത്തവര്‍ക്ക് വയലില്‍ വീടുവെക്കുന്നതിന് ഇനി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അനുമതി നല്‍കാം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടില്ലാത്തതും റവന്യൂ രേഖകളില്‍ നിലം, പാടം, നെല്‍വയല്‍, തണ്ണീര്‍ത്തടം, ചതുപ്പ് പ്രദേശം എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതുമായ സ്ഥലങ്ങളിലെ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനാണ് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തി ചീഫ് സെക്രട്ടറി സര്‍ക്കുലറിക്കിയത്.

ഭവനനിര്‍മാണ പദ്ധതികളനുസരിച്ച് സഹായം ലഭിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ ഇത്തരം സ്ഥലങ്ങളില്‍ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറി, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് ബോധ്യപ്പെടണമായിരുന്നു.

2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍വരുന്നതിനുമുമ്പ് നികത്തിയ ഭൂമികളില്‍ നിര്‍മാണാനുമതി ലഭിക്കാത്തത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. സ്ഥലപരിശോധനയുടെ ബുദ്ധിമുട്ടുകള്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരും അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇത്തരം ഭൂമികളിലെ നിര്‍മാണാനുമതികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ സര്‍ക്കാര്‍ നേരിട്ട് ചുമതലപ്പെടുത്തിയത്. ഇത്തരം ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് കെട്ടിട നമ്പര്‍, പെര്‍മിറ്റ് തുടങ്ങിയവ നല്‍കുന്നതിനും ഇനിമുതല്‍ സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ടാകും.

നഗരപ്രദേശങ്ങളില്‍ അഞ്ചുസെന്റും നഗരേതര പ്രദേശങ്ങളില്‍ 10 സെന്റുവരെയുമുള്ള ഭൂമിയില്‍ വീട് വെക്കുന്നതിനാണ് അനുമതി ലഭിക്കുക. ഇതിനോടകം വീട് നിര്‍മിച്ചവര്‍ക്ക് നമ്പറിട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനുവേണ്ടി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ഭൂപരിധി കണക്കാക്കാതെ അനുമതി നല്‍കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഇത്തരം സ്ഥലങ്ങളില്‍ മുമ്പ് നിയമാനുസൃത കെട്ടിട നമ്പറോടുകൂടിയുണ്ടായിരുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി ലഭിക്കും. മുമ്പുണ്ടായിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുകളഞ്ഞിട്ടുണ്ടെങ്കില്‍ നിജസ്ഥിതി പരിശോധിച്ച് കെട്ടിടനിര്‍മാണാനുമതി നല്‍കാനും നിര്‍ദേശമുണ്ട്. നിലവിലെ കെട്ടിടങ്ങളുടെ നവീകരണത്തിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കാം.

നിലം, പാടം, നെല്‍വയല്‍, തണ്ണീര്‍ത്തടം, ചതുപ്പ് പ്രദേശം തുടങ്ങിയിടങ്ങളിലെ വീട് നിര്‍മാണത്തിനായി ഇതുവരെ ലഭിച്ച അപേക്ഷകളില്‍ ഒരുമാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാനും പുതിയ അപേക്ഷകള്‍ ഒരുമാസത്തിനകം തീര്‍പ്പാക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.