തിരുവനന്തപുരം: വെള്ളക്കെട്ടിന്റെ ദുരിതത്തിനിടയിലും കുടിവെള്ളം കിട്ടാത്ത കുട്ടനാട്ടുകാർ, രോഗാതുരമായ അവസ്ഥയിൽ ജീവിതം വഴിമുട്ടി പലായനം നടത്തുന്നവർ. പ്രതിപക്ഷം നിയമസഭയിൽ കുട്ടനാട്ടിലെ ജീവിതം അവതരിപ്പിച്ചത് ഇങ്ങനെയായിരുന്നു. ‘മാതൃഭൂമി’ നൽകിയ വാർത്താപരമ്പര ചൂണ്ടിക്കാട്ടി, സർക്കാർ ഇനിയും കണ്ണുതുറക്കാത്തത് എന്തുകൊണ്ടാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.സി. വിഷ്ണുനാഥ് ചോദിച്ചു.

കുടിവെള്ളത്തിന് 300 കോടിയുടെ പദ്ധതി തയ്യാറാക്കി. കുട്ടനാടിന്റെ സമഗ്രമാറ്റത്തിന് പഠനം നടത്തി റിപ്പോർട്ട് നൽകാൻ ചെന്നൈ ഐ.ഐ.ടി.യെ ചുമതലപ്പെടുത്തിയതായി ചോദ്യങ്ങൾക്ക് ഉത്തരമായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. രണ്ടാംകുട്ടനാട് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടി തുടങ്ങി- മന്ത്രി പറഞ്ഞു.

വിഷയം പലവട്ടം സഭയിൽ ചർച്ചയ്ക്ക് വന്നതാണെന്നും, അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമ്പോൾ കുറച്ചുകൂടി ജാഗ്രതവേണമെന്നും സ്പീക്കർ പറഞ്ഞു. മറ്റുചർച്ചയ്ക്കിടയിൽ പറഞ്ഞുപോകേണ്ട ഒന്നല്ല കുട്ടനാട്ടിലെ ജീവിതപ്രശ്നം എന്ന ബോധ്യത്തോടെയാണ് വിഷയം ഉന്നയിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സർക്കാരിന്റെ വാഗ്‌ദാന പെരുമഴയിൽപെട്ടുഴലുകയാണ് കുട്ടനാട്ടുകാരെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം ആലപ്പുഴയിൽനിന്നുള്ള ജനപ്രതിനിധികളായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, യു. പ്രതിഭ എന്നിവർ എതിർപ്പുന്നയിച്ചു. പലായനത്തിന്റെ കണക്ക് പെരുപ്പിച്ച് കാണിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. കനാൽ നവീകരണത്തിനും കായൽ തുടക്കത്തിലെ മണ്ണ് മാറ്റാനുമുള്ള നടപടി തുടങ്ങിയതായും, പാക്കേജിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട്ടിൽ ആരും വെള്ളത്തിലല്ല- തോമസ് കെ. തോമസ്

കുട്ടനാടിന് ഇതുപോലെ സഹായം നൽകിയ മറ്റൊരുസർക്കാരും കേരളത്തിലുണ്ടായിട്ടില്ലെന്ന് തോമസ് കെ. തോമസ് പറഞ്ഞു. വിഷ്ണുനാഥ് ഉന്നയിച്ച പ്രശ്നങ്ങളിൽ സ്ഥലം എം.എൽ.എ. എന്നനിലയിലുള്ള വിശദീകരണമായിരുന്നു അദ്ദേഹം നൽകിയത്. കുട്ടനാട്ടിലെ ജനങ്ങളെല്ലാം പിണറായി വിജയനെ പോലെ ഒരു മുഖ്യമന്ത്രിയെ കിട്ടിയതിൽ സന്തോഷിക്കുകയാണ്. കുട്ടനാട് പാക്കേജ് മുടക്കിയത് പി.ജെ. ജോസഫവും കൊടിക്കുന്നിൽ സുരേഷും തമ്മിലുള്ള തർക്കമാണ്. കോൺഗ്രസുകാർ ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ടരവർഷമെങ്കിലും മന്ത്രിയാകണമെങ്കിൽ മുഖ്യമന്ത്രിയെ പുകഴ്ത്തിക്കോ, അത് കോൺഗ്രസുകാരുടെ നെഞ്ചിൽ കയറിയിട്ട് വേണ്ടെന്ന് വി.ഡി. സതീശൻ മറുപടി നൽകി.

Content Highligt: Kuttanad issue in Niyamasabha