തിരുവനന്തപുരം: വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മയ്ക്കു നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസസമരം നടന്നു. കേരളപ്പിറവി ദിനത്തിൽ നടന്ന ഉപവാസത്തിൽ നിരവധി സാമൂഹിക സാംസ്‌കാരികപ്രവർത്തകർ പങ്കെടുത്തു.

ഉപവാസം ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഒരമ്മയ്ക്കും ഇത്തരത്തിലുള്ള അവസ്ഥ ഇനിയെങ്കിലും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ആ കുടുംബത്തിനു നീതി ലഭിക്കാൻ വേണ്ട നിയമനടപടി സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണം. ഇതിലേയ്ക്കായി നമ്മുടെ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും ജോർജ് ഓണക്കൂർ പറഞ്ഞു.

കമ്യൂണിസ്റ്റുകാർ കേരളത്തെ കാമഭ്രാന്താലയമാക്കി മാറ്റിയെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. കാമവെറിപൂണ്ടവർക്ക് എന്തുംചെയ്യാം. സി.പി.എം. ആകണമെന്നു മാത്രം. സി.ഐ.ടി.യു., ഡി.വൈ.എഫ്.ഐ., എൻ.ജി.ഒ. യൂണിയൻപോലെ ഇപ്പോൾ സെക്‌സ് റാക്കറ്റ് എന്ന പോഷകസംഘടന ഉണ്ടാക്കിയിരിക്കുകയാണ് സി.പി.എം. നൂറാംവർഷം ആഘോഷിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടിക്കാരുടെ കൈയിൽ മാർക്‌സിന്റെ പുസ്തകം ഇല്ല. പകരം വൃത്തികെട്ട പുസ്തകങ്ങളാണുള്ളത്. വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാനേ സമയം ഉള്ളൂവെന്നും കുമ്മനം ആരോപിച്ചു.

മുൻ ഡി.ജി.പി. ടി.പി.സെൻകുമാർ, കെ.രാമൻപിള്ള, വിജി തമ്പി, ഫിലിപ്പ് എം.പ്രസാദ്, എം.എസ്.കുമാർ, എം.ടി.രമേശ്, ഡോ. പി.പി.വാവ, രാജസേനൻ, എസ്.സുരേഷ്, സ്റ്റെല്ലസ്, വിനു കിരിയത്ത് എന്നിവർ സംബന്ധിച്ചു.

content highlights: kummanam rajasekharan observes hunger strike in connection with walayar case