ഹരിപ്പാട്: പുതുവർഷത്തിൽ സംസ്ഥാനത്തെ ഒരു ലക്ഷം കുടുംബശ്രീ പ്രവർത്തകർ സാക്ഷരതാമിഷന്റെ പത്ത്, പ്ലസ് ടു തുല്യതാ പരീക്ഷകൾക്ക് പഠിച്ചു തുടങ്ങും. 1000 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ക്ലാസ്സുകൾ ക്രമീകരിക്കുന്നത്.
ഒരിടത്ത് 50 പേർ ഉൾപ്പെടുന്ന രണ്ട് ബാച്ചുകൾ വീതമുണ്ടാകും. ഒരെണ്ണം പത്താംക്ലാസിനും അടുത്തത് പ്ലസ് ടുവിനും. ഒരു ലക്ഷം പഠിതാക്കളിൽ പകുതിവീതം പത്ത്, പ്ലസ് ടു തുല്യതാപരീക്ഷാ പരിശീലനം തുടങ്ങും. കോഴ്‌സ് ദൈർഘ്യം പത്ത് മാസമാണ്. ഡിസംബറോടെ പരീക്ഷ നടക്കും.
സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരെയും പത്താംതരം, ഹയർ സെക്കൻഡറി യോഗ്യതയുള്ളവരാക്കി മാറ്റാനാണ് സാക്ഷരതാ മിഷൻ ലക്ഷ്യമിടുന്നത്. ഇതിനായി കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ’സമ’ എന്ന പേരിൽ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്.
കേരളത്തിൽ 48 ലക്ഷം കുടുംബശ്രീ അംഗങ്ങളാണുള്ളത്. ഇവരിൽ നല്ലൊരുശതമാനവും പത്താംതരം യോഗ്യത ഇല്ലാത്തവരാണ്. ഇവരുടെ വിവരങ്ങൾ കുടുംബശ്രീ മിഷൻ ശേഖരിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാർഡുതലത്തിൽത്തന്നെ മുഴുവൻ അംഗങ്ങളെയും പത്താംതരം, ഹയർ സെക്കൻഡറി പഠനത്തിന് സജ്ജരാക്കുന്നത്.
പഠിതാക്കൾക്കുള്ള കോഴ്‌സ് ഫീസും പരീക്ഷാഫീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും. രജിസ്‌ട്രേഷൻ ഫീസും അഡ്മിഷൻ ഫീസും സാക്ഷരതാമിഷൻ ഒഴിവാക്കും.
ഔപചാരികതലത്തിൽ ഏഴാം ക്ലാസ് വിജയിച്ചവർക്കും സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യതാ കോഴ്‌സ് പാസായവർക്കും പത്താംതരം തുല്യതാ കോഴ്‌സിൽ ചേരാം. 17 വയസ്സാണ് കുറഞ്ഞ പ്രായപരിധി. ഹയർസെക്കൻഡറി തുല്യതാ കോഴ്‌സിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി 22. ഔപചാരികതലത്തിലെ പത്താം ക്ലാസ് അല്ലെങ്കിൽ സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ് വിജയിച്ചവർക്ക് രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 11 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.
ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരേയും പത്താംതരം, ഹയർസെക്കൻഡറി തുല്യതാ യോഗ്യതയുള്ളവരാക്കുമെന്ന് സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു.
content highlights: kudumbasree workers to appear for equivalency exam