തലശ്ശേരി: കുടുംബശ്രീ അംഗങ്ങൾക്കുള്ള കെ.എസ്.എഫ്.ഇ. വിദ്യാശ്രീ പദ്ധതിയിൽ പണമടച്ചവർക്ക് ലാപ്‌ടോപ്പിന് പകരം 20,000 രൂപ വായ്പ നൽകാൻ തീരുമാനം. ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ വാങ്ങി ബിൽ നൽകിയാൽ 20,000 രൂപ വരെ കെ.എസ്.എഫ്.ഇ. വായ്പ നൽകും. നിലവിൽ 30 മാസ തവണകളായി 500 രൂപ വീതം 15,000 രൂപയാണ് ലാപ്‌ടോപ്പിന് അടയ്ക്കേണ്ടത്. ഇത് 40 മാസ തവണകളായി 20,000 രൂപയാക്കും.

പദ്ധതിയിൽ ചേർന്ന് മൂന്നുതവണ പണമടച്ചവർക്ക് ലാപ്‌ടോപ്പ് എപ്പോൾ നൽകാനാകുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ്‌ ഈ നടപടി. നാല്‌ കമ്പനികളുടെ ലാപ്‌ടോപ്പുകൾ നൽകാനായിരുന്നു തീരുമാനം. രണ്ട്‌ കമ്പനികൾ ജൂലായ് അവസാനത്തോടെ സംസ്ഥാനത്ത് 42,000 ലാപ്‌ടോപ്പ് നൽകണം. എന്നാൽ ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല. അതിനാൽ കരാറിൽനിന്ന് പിന്നാക്കംപോയ രണ്ട്‌ കമ്പനികൾക്കെതിരേ നിയമ നടപടി സ്വീകരിക്കും.

രണ്ട്‌ കമ്പനികൾ വിതരണംചെയ്ത ലാപ്‌ടോപ്പുകളെക്കുറിച്ച് പരാതിയുണ്ട്. ഇതിന് കമ്പനികൾ പരിഹാരം കാണണം. 10 മാസം തുക അടച്ചിട്ടും ലാപ്ടോപ്പ് ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനങ്ങൾ.

മൂന്നുമാസം മുടക്കംകൂടാതെ 500 രൂപ കെ.എസ്.എഫ്.ഇ.യിൽ അടച്ചാൽ ലാപ്ടോപ്പ് നൽകാനായിരുന്നു നേരത്തേയുള്ള തീരുമാനം. കണ്ണൂർ ജില്ലയിൽ 4235 പേരാണ് പദ്ധതിയിൽ ചേർന്നത്. ഏത് ലാപ്ടോപ്പ് വേണമെന്ന് 3244 പേർ അപേക്ഷ നൽകി. അതിൽ 149 പേർക്കാണ് ഇതുവരെ ലാപ്ടോപ്പ് ലഭിച്ചത്.

ഇവയിൽ ഭൂരിഭാഗത്തിനും ബാറ്ററി തകരാറുണ്ടായി. പലതും രണ്ടുതവണ മാറ്റിനൽകി. 2020 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പദ്ധതി തുടങ്ങിയത്. ചേർന്നവരിൽ ഭൂരിഭാഗം പേരും ആറുമുതൽ 10 മാസംവരെ തുക അടച്ചവരാണ്. കുടുംബശ്രീയിൽ അംഗങ്ങളായ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരാണ് പദ്ധതിയിൽ ചേർന്നവരിലേറെയും.