പയ്യന്നൂർ: തുടർച്ചയായ മൂന്നാംവർഷവും പദ്ധതിത്തുക വിനിയോഗം നൂറുശതമാനമെന്ന നേട്ടത്തിലേക്ക് കുടുംബശ്രീ. ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് 76.20 ശതമാനം തുക വിനിയോഗിച്ചു. 2018-19 വർഷത്തിൽ 188.62 കോടിയാണ് കുടുംബശ്രീക്കായി സർക്കാർ ബജറ്റിൽ നീക്കിവെച്ചത്. ഇതിൽ 143.73 കോടി ഇതുവരെ ചെലവഴിച്ചു. കഴിഞ്ഞ രണ്ടുവർഷങ്ങളിലേതുപോലെ ഇത്തവണയും പ്ലാൻ ഫണ്ടിൽനിന്ന് മുഴുവൻ തുകയും വിനിയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.
2017-18 വർഷം 161 കോടിയും 2016-17-ൽ 130 കോടിയുമാണ് പ്ലാൻ ഫണ്ടിൽനിന്ന് ചെലവഴിച്ചത്. നിലവിൽവന്നശേഷം ഈ സാമ്പത്തികവർഷമാണ് കുടുംബശ്രീക്ക് ഏറ്റവുംകൂടുതൽ തുക ബജറ്റിൽ വകയിരുത്തിയത്. പ്രളയവും മഴക്കെടുതിയും കാരണം പ്രവൃത്തിദിനങ്ങൾ ഏറെ നഷ്ടപ്പെട്ടിട്ടും അച്ചടക്കത്തോടെയുള്ള പ്രവർത്തനമാണ് ഫണ്ട് വിനിയോഗത്തിൽ നേട്ടമായത്.
ഉപജീവനം ലക്ഷ്യമിട്ട് സേവനമേഖലയിലും ഉത്പാദന മേഖലയിലുമായി 2018-19 സാമ്പത്തിക വർഷം എട്ടായിരത്തോളം സംരംഭങ്ങളാണ് സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീ ആരംഭിച്ചത്. അഗതിരഹിത കേരളം എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു. 160 പുതിയ ബഡ്സ് സ്കൂളുകൾക്ക് അനുമതിനൽകി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 280 നിർമാണ സംഘങ്ങളും ഈ സാമ്പത്തികവർഷം ആവിഷ്കരിച്ച പദ്ധതിയാണ്.
മുന്നിൽ കാസർകോട്
പദ്ധതിവിഹിതമായി 10 കോടി രൂപ ലഭിച്ച കാസർകോട് ജില്ലയാണ് ഫണ്ട് വിനിയോഗത്തിൽ മുന്നിൽ-95.88 ശതമാനം. പത്തനംതിട്ട (92.13), ഇടുക്കി (93.35) എന്നിവയാണ് 90 ശതമാനത്തിനുമുകളിൽ തുക വിനിയോഗിച്ച മറ്റ് ജില്ലകൾ. ഏറ്റവുംകൂടുതൽ വിഹിതം അനുവദിച്ച എറണാകുളം ജില്ല 88.76 ശതമാനം തുക വിനിയോഗിച്ചു. 18 കോടി രൂപയാണ് അവർക്ക് അനുവദിച്ചത്. മറ്റ് ജില്ലകളുടെ പദ്ധതി വിനിയോഗം ശതമാനത്തിൽ: തിരുവനന്തപുരം (82.67), കൊല്ലം (89.94), ആലപ്പുഴ (82.07), കോട്ടയം (75.16), തൃശ്ശൂർ (88.19), പാലക്കാട് (83.6), മലപ്പുറം (86.57), കോഴിക്കോട് (79.53), വയനാട് (71.17), കണ്ണൂർ (77.42).
Content Highlights: Kudumbasree a success Story